സിനിമാപ്രേമികള്‍ക്ക് തിയേറ്ററില്‍ കാണാന്‍ സാധിക്കാതെ പോയ ഗംഭീര സിനിമയെന്നാണ് മാലിക്കിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രതികരണമായിരുന്നു മാലിക് സ്വന്തമാക്കിയത്.
കഴിഞ്ഞദിവസം മാലിക്കിനെക്കുറിച്ച് മഹേഷ് നാരായണന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മാലിക് എന്ന ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കിയാണ് പ്ലാന്‍ ചെയ്തതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. സനല്‍ അവതരിപ്പിച്ച ഫ്രെഡി എന്ന കഥാപാത്രത്തിലേക്ക് ഫഹിനെയും ആലോചിച്ചിരുന്നെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടിക്ക് കഥ വര്‍ക്കാകാത്തതിനാല്‍ അദ്ദേഹം പിന്മാറിയെന്നും സംവിധായകന്‍ പറഞ്ഞു.
മഹേഷിന്റെ അഭിമുഖം വൈറലായതിന് പിന്നാലെ പലരും അവരുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയാണ്. മമ്മൂട്ടി ചെയ്തിരുന്നെങ്കില്‍ മാലിക് കുറച്ചുകൂടെ ഗംഭീരമായേനെയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ക്കുമെന്നാണ് ആരാധകരുടെ വാദം.
എന്നാല്‍ സുലൈമാന്റെ ചെറുപ്പം മുതലുള്ള കഥയായതിനാല്‍ മമ്മൂട്ടിക്ക് സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫഹദ് ഫാസിലിന്റെ ഫ്രെഡ്ഡിയും മമ്മൂട്ടിയുടെ സുലൈമാന്‍ മാലിക്കും തമ്മിലുള്ള ഫേസ് ഓഫ് രംഗങ്ങള്‍ ഗംഭീരമാകുമെന്നും ഫാന്‍സ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. ഇതിനെക്കാള്‍ വൈറലായത് മറ്റൊരു കാര്യമാണ്.
മാലിക്കിന്റെ പോസ്റ്റര്‍ മമ്മൂട്ടിയെ വെച്ച് എഡിറ്റ് ചെയ്ത എ.ഐ ഫോട്ടോയും വൈറലാണ്. മമ്മൂട്ടിക്ക് കൃത്യമായി ചേരുന്ന കഥാപാത്രമെന്ന് ഈ എ.ഐ പോസ്റ്ററുകള്‍ അടിവരയിടുന്നുണ്ട്. ക്ലൈമാക്‌സില്‍ ഫഹദും മമ്മൂട്ടിയും തമ്മിലുള്ള സീനിന്റെ എ.ഐ വേര്‍ഷനും ഗംഭീരമാണ്. ആറ്റിപ്രാക്കല്‍ ജിമ്മി എന്ന ഐ.ഡിയാണ് ഈ പോസ്റ്ററുകള്‍ പങ്കുവെച്ചത്.
വലിയതുറ വെടിവെപ്പിനെ ആസ്പദമാക്കിയാണ് മഹേഷ് നാരായണന്‍ മാലിക് അണിയിച്ചൊരുക്കിയത്. റമദാപള്ളി എന്ന സ്ഥലത്തെ പ്രധാന നേതാവായ സുലൈമാന്‍ മാലിക്കായാണ് ഫഹദ് മാലിക്കില്‍ വേഷമിട്ടത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, നിമിഷ സജയന്‍, ജലജ തുടങ്ങി വന്‍ താരനിരയായിരുന്നു മാലിക്കില്‍ അണിനിരന്നത്.
Content Highlight: Mammootty’s AI photo in Malik movie viral