| Friday, 16th January 2026, 4:40 pm

രണ്ടു സിനിമകൾ, രണ്ട് കഥാപാത്രങ്ങൾ; പക്ഷേ ഒരേ അളവിലും ആഴത്തിലുമുള്ള മമ്മൂക്കയുടെ പ്രകടനം

നന്ദന എം.സി

മമ്മൂട്ടി – വിനായകൻ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ ചിത്രമാണ് കളങ്കാവൽ. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തി എന്നതാണ് വലിയ പ്രത്യേകത. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അനവധി വ്യത്യസ്ത ഭാവങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും, കളങ്കാവൽ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പീക്ക് ലെവലാണെന്ന് പറയാം.

ചിത്രത്തിൽ സീരിയൽ കില്ലറായ സ്റ്റാലിൻ ദാസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫീസറായാണ് വിനായകൻ പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ഒടിടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഏതു കഥാപാത്രമായാലും അതിൽ പുതുമ കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി.

മമ്മൂട്ടി, Photo: IMDb

തന്റെ കഥാപാത്രങ്ങൾക്ക് സ്വന്തമായ ഒരു കയ്യൊപ്പ് നൽകുന്നതിൽ അദ്ദേഹം എപ്പോഴും വിജയിച്ചിട്ടുണ്ട്. കളങ്കാവൽ ഇതിന് മികച്ച ഉദാഹരണമാണ്. നായകനായും പ്രതിനായകനായും ഒരുപോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി, ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു.

ബ്രഹ്മയുഗം, പുഴു, വിധേയൻ തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടിയുടെ പ്രതിനായകഛായ പ്രേക്ഷകർ മുൻപേ കണ്ടതാണ്. എന്നാൽ കളങ്കാവൽ ആ നിരയിൽ മറ്റൊരു ശക്തമായ അടയാളമായി മാറുന്നു. ഈ സിനിമയുടെ വിജയത്തിന്റെ വലിയൊരു ഭാഗം മമ്മൂട്ടി എന്ന നടന്റെ പെർഫോമൻസ് മാത്രം കൊണ്ടാണ് നേടിയതെന്ന് പറയാം.സ്റ്റാലിൻ ദാസ് എന്ന കഥാപാത്രത്തിന്റെ ഏറ്റവും മൂർച്ചയേറിയ വശം വെളിപ്പെടുത്തുന്ന ഒരു ഡയലോഗ് സിനിമയിലുണ്ട്.

മമ്മൂട്ടി, Photo: IMDb

എടാ ഈ വെശപ്പ് വെശപ്പ് എന്ന് പറയുന്ന സാധനം നത്തിന് മാത്രമല്ല ഉള്ളെ…
എലിയായി ജനിച്ചിരുന്നെങ്കിൽ വല്ല പാമ്പിന്റെയോ പരുന്തിന്റെയോ വായിൽ ഒടുങ്ങിയേ പറ്റുള്ളു. അതങ്ങനെയാ അപ്പൊ അതിന്റെടേയിൽ വന്ന് ചത്തുപോയ എലിക്ക് വേണ്ടി ഗുണവതികാരം അടിക്കാൻ നിൽക്കരുത് മനസിലായോ…

ഈ ഒരൊറ്റ ഡയലോഗ് മതി സ്റ്റാലിൻ എന്ന കഥാപാത്രത്തിന്റെ ക്രൂരതയും, അതിനൊപ്പം മമ്മൂട്ടിയുടെ അഭിനയമികവും എത്ര ശക്തമാണെന്ന് വ്യക്തമാക്കാൻ. ഇരകളായ സ്ത്രീകളോട് പ്രണയം നടിച്ച് അവരെ കൊലപ്പെടുത്തുമ്പോൾ ഒരു സൈക്കോപാത്തിന് ലഭിക്കുന്ന ആനന്ദം മമ്മൂട്ടി പ്രകടിപ്പിക്കുന്ന രംഗങ്ങളാണ് കളങ്കാവലിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്.

ഇത്തരത്തിലുള്ള അഭിനയ മികവ് പ്രേക്ഷകർ പുഴു എന്ന ചിത്രത്തിലൂടെയും കണ്ടറിഞ്ഞത്. ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചന നിർവഹിച്ച് നവാഗതയായ രത്തിന സംവിധാനം ചെയ്ത പുഴുവിൽ, കടുത്ത സവർണ ചിന്താഗതിയുള്ള ഒരു അച്ഛനായാണ് മമ്മൂട്ടി വേഷമണിയുന്നത്. സ്വന്തം മകൻ എങ്ങനെ നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം, പല്ലുതേക്കണം എന്നത് വരെ നിയന്ത്രിക്കുന്ന ഒരു കഥാപാത്രം.

പുഴു, Photo: IMDb

പുഴു എന്ന ചെറു ജീവിയെ പോലെ തന്നെ അസ്വസ്ഥത നിറയ്ക്കുന്ന മനോഭാവമാണ് ആ കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷകർക്ക് കൈമാറുന്നത്. മകൻ താഴ്ന്ന ജാതിയിലുള്ള കുട്ടികളുമായി കളിക്കുന്നതും ഭക്ഷണം പങ്കിടുന്നതും പോലും സഹിക്കാനാകാത്ത ഒരു അച്ഛൻ. മെഗാസ്റ്റാർ എന്ന തന്റെ പദവിയെ പൂർണ്ണമായി മറന്നുകൊണ്ടാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ സമീപിച്ചത്.

‘അടുത്താഴ്ച അവടെ കല്യാണവാ… നിനക്കൊക്കെ ഇത്രേം പ്രായമായില്ലേ… വല്ല കക്കൂസും കഴുകി ജീവിക്കെടാ’
എന്ന ഡയലോഗിൽ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കാഠിന്യം ഓരോ പ്രേക്ഷകനും നേരിട്ട് അനുഭവപ്പെട്ടതുമാണ്.

കളങ്കാവലും പുഴുവും രണ്ട് വ്യത്യസ്ത തരത്തിലുള്ള സിനിമകളാണെങ്കിലും, മമ്മൂട്ടി എന്ന നടൻ രണ്ടിലും ഒരേ അളവിലും ആഴത്തിലുമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. കഥാപാത്രം നായകനായാലും വില്ലനായാലും, മനുഷ്യന്റെ ഇരുണ്ട മനസുകളെ അത്രമേൽ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന നടൻ ഇന്നും മമ്മൂട്ടി തന്നെയാണെന്ന് ഈ രണ്ട് സിനിമകളും ഉറപ്പിക്കുന്നു.

Content Highlight: Mammootty’s acting in the movies Kalankaval and Puzhu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more