മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഗുജറാത്തിലെത്തിയിരിക്കുകയാണ്. ചിത്രീകരണം നടക്കുന്ന മേളക്ക് ബ്രേക്ക് നല്‍കിയാണ് താരം കഴിഞ്ഞദിവസം ഗുജറാത്തിലെത്തിയത്. കഴിഞ്ഞ എല്ലാ വര്‍ഷവും രാജ്യതലസ്ഥാനത്ത് വെച്ചായിരുന്നു പുരസ്‌കാരദാന ചടങ്ങ് നടന്നിരുന്നത്. രാജ്യത്തെ മികച്ച സിനിമാ താരങ്ങള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് വലിയ ആഘോഷമായിട്ടാണ് നടക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി ദല്‍ഹിക്ക് പുറത്ത് നടക്കുന്ന പുരസ്‌കാരവിതരണമെന്ന നിലയില്‍ വലിയ ശ്രദ്ധയാണ് ഇന്നത്തെ ചടങ്ങിന് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഏക്താ നഗറില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടക്കുന്നത്. ചടങ്ങില്‍ പലരുടെയും ശ്രദ്ധാകേന്ദ്രം മമ്മൂട്ടി തന്നെയാണ്.
മികച്ച നടനുള്ള നാലാമത്തെ ദേശീയ അവാര്‍ഡാണ് ഇന്ന് മമ്മൂട്ടി സ്വീകരിക്കാന്‍ പോകുന്നത്. ഭ്രമയുഗത്തിലെ ചാത്തന്‍/ കൊടുമണ്‍ പോറ്റിയായി പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചത്. ഇതേ സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ സിനിമയെ പലകുറി വിസ്മയിപ്പിച്ച മോഹന്‍ലാല്‍ പുരസ്‌കാര വേദി തന്റെ പേരിലാക്കി. ഇക്കുറി മമ്മൂട്ടിയും ചരിത്രം ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. 1998ല്‍ അംബേദ്കറിലെ പ്രകടനത്തിലൂടെയാണ് അവസാനമായി താരം മികച്ച നടനായത്. പിന്നീട് പല തവണ അവസാന നിമിഷം പല കാരണങ്ങള്‍ കൊണ്ട് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാതെ പോവുകയായിരുന്നു. ഇത്തവണ അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരം ലഭിച്ചെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.
ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് പങ്കുവെക്കുന്നുണ്ട്. ചന്തു ചാമ്പ്യനിലെ പ്രകടനമാണ് കാര്‍ത്തിക്കിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച മലയാള ചിത്രമായി ഫെമിനിച്ചി ഫാത്തിമയും മികച്ച പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ സാന്നിധ്യവും വേദിയിലുണ്ടാകും. വൈകിട്ട് മൂന്ന് മണിക്കാണ് അവാര്‍ഡ് വിതരണം.
Content Highlight: Mammootty reached Gujarat for receive Natinal Award