ജയിലര്‍ 2, സീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ നിന്ന് റിലീസിനൊരുങ്ങുന്ന ബിഗ്ഗിയാണ് ഓം ചാപ്റ്റര്‍ വണ്‍. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. സമീപകാലത്ത് വലിയ വിജയം സ്വന്തമാക്കാനാകാത്ത ധനുഷിന് ഓമിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രത്തില്‍ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഏഴ് വര്‍ഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഓമിന്റെ മറ്റൊരു ഹൈപ്പ് ഫാക്ടര്‍. കഴിഞ്ഞദിവസം ചെന്നൈയില്‍ ഓമിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടിയടക്കം പ്രധാന താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
ധനുഷ്, സായ് പല്ലവി തുടങ്ങി പലരുമുണ്ടായിരുന്നെങ്കിലും ഇവന്റ് തൂക്കിയത് മമ്മൂട്ടി തന്നെയാണ്. സിമ്പിള്‍ കോസ്റ്റിയൂമില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവരെ നിഷ്പ്രഭമാക്കുന്ന ഓറയായിരുന്നു മമ്മൂട്ടിയുടേത്. ചടങ്ങില്‍ മമ്മൂട്ടിയുടെ പ്രസംഗവും ആരാധകരെ ആവേശഭരിതരാക്കി. പേരന്‍പിന് ശേഷം താന്‍ ചെയ്യുന്ന സിനിമയാണ് ഓമെന്ന് മമ്മൂട്ടി പറഞ്ഞു.
‘ഈ സിനിമയില്‍ ഗംഭീര ആര്‍ട്ടിസ്റ്റുകളാണ് ഉള്ളത്. ധനുഷ് സാറുണ്ട്, സായ് പല്ലവിയുണ്ട്, അങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഈ പടത്തിന്റെ ഭാഗമാണ്. അവരുടെയടുത്ത് നിന്ന് എന്തെങ്കിലും ടിപ്പ് കിട്ടുമോ എന്നൊക്കെ നോക്കിയിട്ടുണ്ട്. സായ് പല്ലവിയും ഈ സിനിമയില്‍ ഒരു ഹീറോയാണ്. എന്താണെന്നെ വെച്ചാല്‍, സാധാരണ ഹീറോസാണല്ലോ ഫൈറ്റ് സീനുകള്‍ ചെയ്യുന്നത്.
ഈ പടത്തില്‍ സായ്ക്കും ഫൈറ്റ് സീനുണ്ട്. അവര്‍ ഫൈറ്റ് സീന്‍ ചെയ്യുന്നത് കണ്ടാല്‍ നായകന്മാര്‍ വരെ തോറ്റുപോകും. അത്രമാത്രം കിടിലനായാണ് അവരുടെ ഫൈറ്റ്. എന്താ പറയുക, ബ്രൂസ് ലീയെപ്പോലെയാണ് അവര്‍ ഫൈറ്റ് ചെയ്യുന്നത്. ശരിക്കും ഞാന്‍ വണ്ടറടിച്ചു. അവരുടെ പെര്‍ഫോമന്‍സ് ഗംഭീരമായിട്ടുണ്ട്. കൂടുതലൊന്നും പറയാന്‍ പറ്റില്ല,’ മമ്മൂട്ടി പറഞ്ഞു.
അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. തമിഴ്‌നാട്/ ആന്ധ്ര ബോര്‍ഡറില്‍ നടക്കുന്ന ചന്ദന കടത്തും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. സിയാ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി വേഷമിടുമ്പോള്‍ നിത്യാ റെഡ്ഡി എന്ന പൊലീസായാണ് സായ് പല്ലവി വേഷമിടുന്നത്.
Content Highlight: Mammootty praises Sai Pallavi’s fight scene in Om Movie