| Tuesday, 2nd December 2025, 8:11 am

നടന്നുപോകുമ്പോള്‍ വഴിയില്‍ നിന്ന് നമുക്ക് കിട്ടുന്ന പഴങ്ങളെപ്പോലെയാണ് ആ നടന്‍, കഴിഞ്ഞ സിനിമയില്‍ ഞെട്ടിച്ചു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ക്കിടയില്‍ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയില്‍ നടന്നിരുന്നു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മലയാളത്തിലെ മുന്‍നിര സംവിധായകരും ചടങ്ങില്‍ പങ്കെടുത്തു. കളങ്കാവലില്‍ തന്റെ കൂടെ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഡീയസ് ഈറേയിലൂടെ ഞെട്ടിച്ച ജിബിന്‍ ഗോപിനാഥിനെക്കുറിച്ച് താരം പ്രത്യേകം സംസാരിച്ചു.

Mammootty Photo: Screen grab/ Mammootty Kampany

‘നമ്മള്‍ നടന്നുപോകുമ്പോള്‍ വഴിയില്‍ നിന്ന് ചില പ്രത്യേക പഴങ്ങള്‍ കിട്ടാറില്ലേ, അത്തരത്തില്‍ കിട്ടുന്ന ഒരു നടനാണ് ഇഇയാള്‍. ഡീയസ് ഈറേ എല്ലാവരും കണ്ടതാണല്ലോ, ഞെട്ടിച്ചില്ലേ ഇയാള്‍? ഒരു പരസ്യചിത്രത്തിലൂടെയാണ് ഞാന്‍ ആദ്യമായി ഇയാളെ ശ്രദ്ധിക്കുന്നത്. അതിന്റെ കഥ എന്താണെന്ന് ഇയാള്‍ തന്നെ പറയും. ഒടുവില്‍ എന്റെ കൂടെ കളങ്കാവലിലും അഭിനയിച്ചു’ മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതിനെക്കുറിച്ച് ജിബിനും സംസാരിച്ചു. ദുല്‍ഖറിനൊപ്പം ചെയ്ത ഫോണ്‍ പേയുടെ പരസ്യത്തിലൂടെയാണ് മമ്മൂട്ടിയെ പരിചയപ്പെട്ടതെന്ന് ജിബിന്‍ പറയുന്നു. ഹനീഫ് അദേനിയാണ് തനിക്ക് മമ്മൂട്ടിയുടെ നമ്പര്‍ തന്നതെന്നും മമ്മൂട്ടിക്ക് തന്റെ പരസ്യചിത്രം അയച്ചുകൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mammootty Photo: Screen grab/ Mammootty Kampany

‘വലിയൊരു എസ്സേയൊക്കെ എഴുതിയിട്ടാണ് മമ്മൂക്കക്ക് ആ മെസ്സേജയച്ചത്. പുള്ളി അത് കണ്ടിട്ട് ഒരു തംസ് അപ്പ് അയച്ചു. അങ്ങനെയാണ് പരിചയത്തിന്റെ തുടക്കം. പിന്നീട് എല്ലാ ബര്‍ത്ത്‌ഡേക്കും അദ്ദേഹത്തിന് വിഷസ് അറിയിക്കാറുണ്ട്. കണ്ണൂര്‍ സ്‌ക്വാഡില്‍ ഞാന്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ആകെ ഒരൊറ്റ സീനില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ പടത്തിന്റെ സെറ്റില്‍ അസീസിക്കയും ശബരീഷും മമ്മൂക്കയുടെ കൂടെ ത്രൂ ഔട്ട് റോള്‍ ചെയ്യുന്നത് കണ്ട് കൊതിച്ചിട്ടുണ്ടായിരുന്നു. എന്നെങ്കിലും എനിക്കും മമ്മൂക്കയുടെ കൂടെ വലിയൊരു വേഷം ചെയ്യണമെന്ന് അന്ന് ആഗ്രഹിച്ചു. ഇപ്പോഴിതാ കളങ്കാവലിലൂടെ ആ ഒരു ആഗ്രഹവും സാധിച്ചു’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിലെത്തുന്നു എന്നതാണ് കളങ്കാവലിന്റെ ഏറ്റവും വലിയ പ്രത്യേകത. വിനായകനാണ് ചിത്രത്തിലെ നായകന്‍. രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, ശ്രുതി രാമചന്ദ്രന്‍, ധന്യ അനന്യ, അസീസ് നെടുമങ്ങാട് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty praises Gibin Gopinath’s performance in Dies Irae movie

We use cookies to give you the best possible experience. Learn more