തിയേറ്ററിലും ഒ.ടി.ടിയിലും അധികമാരും ശ്രദ്ധിക്കാത്ത പല നല്ല സിനിമകളും തേടിപ്പിടിച്ച് കാണുന്നവരുടെ മുന്‍പന്തിയിലാണ് മമ്മൂട്ടി. സ്വന്തം സിനിമയുടെ ഷൂട്ടിന്റെയും പ്രൊമോഷന്റെയും തിരക്കുകള്‍ക്കിടയില്‍ ഇത്തരം സിനിമകള്‍ മറ്റുള്ളവരിലേക്കുമെത്തിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഇന്ദ്രന്‍സ് നായകനായ കുട്ടന്റെ ഷിനിഗാമി പോലുള്ള സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് മമ്മൂട്ടിയുടെ അഭിനന്ദനത്തിന് ശേഷമാണ്.
അത്തരത്തില്‍ താരം പരിചയപ്പെടുത്തിയ തമിഴ് സിനിമയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. കഴിഞ്ഞദിവസം കൊച്ചിയില്‍ വെച്ച് നടന്ന ഓ.എം സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ താന്‍ അടുത്തിടെ കണ്ട തമിഴ് സിനിമയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചു. ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജ അഭിനയിച്ച ഹബീബി എന്ന ചിത്രത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
‘ധനുഷിന്റെ അച്ഛന്‍ തമിഴിലെ വലിയ സംവിധായകനാണ്. അദ്ദേഹം ഒരു ആക്ടര്‍ കൂടിയാണെന്ന് അടുത്തിടെയാണ് അറിഞ്ഞത്. അദ്ദേഹം ആക്ട് ചെയ്ത ഒരു തമിഴ് സിനിമ കഴിഞ്ഞദിവസം കണ്ടു. ഹബീബി എന്നാണ് ആ സിനിമയുടെ പേര്. തമിഴില്‍ വളരെ അപൂര്‍വമായിട്ട് മുസ്‌ലിം ബാക്ക്ഗ്രൗണ്ടില്‍ വരുന്ന കഥയാണത്. ആക്‌സിഡന്റലായാണ് ആ സിനിമ ഞാന്‍ കണ്ടത്.
ധനുഷിന്റെ അച്ഛന്‍ ആക്ടറും കൂടിയാണെന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ധനുഷ് അങ്ങേരുടെ മോന്‍ തന്നെ. അക്കാര്യത്തില്‍ തര്‍ക്കമില്ല. അത്ര നന്നായിട്ട് പുള്ളി അഭിനയിച്ചു. ഇക്കാര്യം ധനുഷിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും സന്തോഷമായി. വലിയ ആവേശത്തോടെ ഇത് അച്ഛനോട് പറഞ്ഞു. നല്ലത് പറയാന്‍ നമ്മള് മടിക്കേണ്ട കാര്യമില്ലല്ലോ. മോശം പറയണമെങ്കിലല്ലേ മടി കാണിക്കേണ്ടൂ,’ മമ്മൂട്ടി പറയുന്നു.
ഇത്രയും വലിയൊരു ഇവന്റില്‍ ഹബീബി പോലൊരു ചെറിയ സിനിമയെക്കുറിച്ച് മമ്മൂട്ടി എടുത്തുപറഞ്ഞതാണ് തമിഴ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ സംവിധായകന്‍ മീരാ കതിരവന്‍ മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പലരും വീഡിയോ ഏറ്റെടുത്തത്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ അധികമാരും ശ്രദ്ധിക്കാത്ത നല്ലൊരു ചെറിയ സിനിമയെക്കുറിച്ച് മറ്റൊരു ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാര്‍ പുകഴ്ത്തിയത് തമിഴ് സിനിമാപേജുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മുസ്‌ലിം സമുദായത്തെ കോമഡി കഥാപാത്രങ്ങളായും വില്ലന്മാരായും മാത്രം ടൈപ്കാസ്റ്റ് ചെയ്യുന്ന കോളിവുഡില്‍ പൂര്‍ണമായും മുസ്‌ലിം പശ്ചാത്തലത്തില്‍ കഥപറഞ്ഞ ചിത്രമാണ് ഹബീബി. 2026ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാതെയാണ് കടന്നുപോയത്. നിലവില്‍ സോണി ലിവില്‍ ഹബീബി സ്ട്രീം ചെയ്യുന്നുണ്ട്
Content Highlight: Mammootty praises acting of Dhanush’s father in Habeebi movie