| Thursday, 9th April 2026, 9:58 am

ഞാന്‍ ലോകഃയില്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞില്ല; ഇനി അഭിനയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി: മമ്മൂട്ടി

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായി തീര്‍ന്ന ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ദുല്‍ഖല്‍ സല്‍മാന്‍ നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിയെന്ന അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയിരുന്നു.

സൂപ്പര്‍ ഹീറോ ഴോണറില്‍ ഒരുങ്ങിയ ചിത്രത്തിലെ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കാമിയോ റോളുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയില്‍ ഏറെ സര്‍പ്രൈസിങ്ങായത് മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു. മൂത്തോന്‍ എന്ന കഥാപാത്രത്തിന് വോയിസ് ഓവര്‍ നല്‍കികൊണ്ടാണ് അദ്ദേഹം എത്തിയത്.

ഇപ്പോഴിതാ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ലോകഃയിലെ തന്റെ കാമിയോ റോളിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. താന്‍ സിനിമയിലുണ്ടാകുമെന്ന് അവര്‍ പറഞ്ഞിരുന്നില്ലെന്നും ഒരു വോയ്‌സ് ഓവര്‍ നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും മമ്മൂട്ടി പറയുന്നു.

‘ഞാന്‍ അതില്‍ ഉണ്ടെന്ന് അവര്‍ എന്നോട് ആദ്യം പറഞ്ഞിരുന്നില്ല. ഡൊമിനിക് അരുണല്ല, അദ്ദേഹത്തിന്റെ സുഹൃത്താണ് എന്നെ കാണാന്‍ വന്നതും വോയിസ് ഓവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതും. ഞാന്‍ ആ വോയിസ് ഓവര്‍ മാത്രമേ കൊടുത്തിട്ടുള്ളൂ. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന കൈ എന്റേതല്ല.

സിനിമ വന്നപ്പോഴാണ് ഇത് എന്റെ കൈയ്യാണെന്നും നിങ്ങളാണ് ഇതില്‍ അഭിനയിക്കുന്നുണ്ടെന്നും അവര്‍ എന്നോട് പറഞ്ഞത്. ഇനി ആ സിനിമയില്‍ അഭിനയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. ശരിക്കും അവരെന്നെ ചീറ്റ് ചെയ്ത് മറ്റൊരാളുടെ കൈ വെച്ചു (ചിരിക്കുന്നു),’ മമ്മൂട്ടിയുടെ വാക്കുകള്‍.

ലോകഃയിലെ മൂത്തോന്‍ താന്‍ തന്നെയാവണമെന്ന് അവര്‍ തന്നെ പറഞ്ഞ് സമ്മതിപ്പിച്ചാല്‍ സിനിമയുടെ പ്രതിഫലത്തെ പറ്റി അവരെയും തനിക്ക് പറഞ്ഞ് സമ്മതിപ്പിക്കണമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമെന്ന തരത്തില്‍ ഒരു സൂചനകളും തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. സിനിമയുടെ റിലീസിന് ശേഷം മമ്മൂട്ടിയുടെ 74ാം ജന്മദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് മൂത്തോന്‍ മമ്മൂട്ടി തന്നെയാണെന്ന് വെളുപ്പെടുത്തിയത്. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഇനി മമ്മൂട്ടി പ്രത്യക്ഷപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം വലിയ ഹൈപ്പോടെ എത്തുന്ന ലോകഃയുടെ രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസാണ് പ്രധാനവേഷത്തിലെത്തുന്നത്.

Content Highlight:  Mammootty on his cameo role in Lokah Chapter One chandra 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more