| Tuesday, 17th August 2021, 2:38 pm

പുതുവത്സരാശംസകള്‍ക്കൊപ്പം മറ്റൊരു സന്തോഷവും പങ്കുവെച്ച് മമ്മൂട്ടി; ഇതാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിങ്ങം ഒന്നിന് പുതുവത്സരാശംസകള്‍ അറിയിച്ചതിനൊപ്പം മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം പുഴുവിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരമാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

എറണാകുളത്താണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്. ഇതാണ് ഞങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് ചിലര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ പുഴുവിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ മമ്മൂട്ടി അഭിനേതാവായും വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായും എത്തുന്ന ആദ്യ ചിത്രം കൂടിയാവും പുഴു. പാര്‍വ്വതി തിരുവോത്തും മമ്മൂട്ടിയും അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ആശ, കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു മലയാള സിനിമയില്‍ സജീവ സാന്നിധ്യം ആയ രതീനയുടെ സംവിധായികയായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം കുറിക്കുന്നത്. മമ്മൂട്ടി, പാര്‍വ്വതി എന്നിവരെ കൂടാതെ മികച്ച ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. കഥ ഹര്‍ഷദും, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും, സുഹാസും, ഹര്‍ഷദും ചേര്‍ന്നാണ്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റ് – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്.

ബാഹുബലി, പ്രേതം -2, മിന്നല്‍ മുരളി എന്നീ സിനിമകള്‍കളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആര്‍ട്ട് നിര്‍വ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് – ശ്രീനാഥ്. എന്‍.ഉണ്ണികൃഷ്ണന്‍, അമല്‍ ചന്ദ്രനും, എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammootty movie Puzhu started

Latest Stories

We use cookies to give you the best possible experience. Learn more