| Sunday, 22nd February 2026, 11:14 am

അങ്കെ രജനിയും കമലും… ഇങ്കെ ലാലേട്ടനും മമ്മൂക്കയും; വൈറലായി എ.ഐ വീഡിയോ

നന്ദന എം.സി

തമിഴിലും മലയാളത്തിലുമൊക്കെ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ഒരു പുതിയ തരംഗമാണ് ഇപ്പോൾ സിനിമാ ലോകത്ത് കാണുന്നത്.

മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ പേട്രിയേറ്റിന്റെ ചർച്ചകൾ ശക്തമായിരിക്കെ, തമിഴ് സിനിമ ഇൻഡസ്ട്രിയിൽ സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനി–കമൽ റീയൂണിയൻ പ്രോജക്ടിന്റെ ഗ്ലിംപ്‌സ് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആ ദൃശ്യങ്ങൾ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

ഇതിനിടെ, അതേ ഗ്ലിംപ്‌സിന്റെ എ.ഐ വേർഷൻ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തമിഴിൽ രജനിയും കമലുമെങ്കിൽ, മലയാളത്തിൽ ആരായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി ലാലേട്ടനും മമ്മൂക്കയും തന്നെയാണ് എത്തിയത്.

കമൽ ഹാസൻ, രജനികാന്ത്, Photo: YouTube/ Screengrab

കമലായി മമ്മൂട്ടിയും രജനിയായി മോഹൻലാലും പ്രത്യക്ഷപ്പെടുന്ന എ.ഐ വീഡിയോ ആരാധകരിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

ഇരുവരും ഒരുമിച്ച് എത്തുന്ന ‘പേട്രിയേറ്റ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനകം ഉയർന്നിരിക്കെ, ഈ എ.ഐ വീഡിയോയാണ് ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്. നേർക്കുനേർ നിൽക്കുന്ന ഇരു താരങ്ങളുടെയും ദൃശ്യങ്ങൾ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ദി ഗോട്ടഡ് വേർഷൻ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ , Photo: X.com

ഇങ്ങനെയൊരു റീയൂണിയനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അങ്കെ രജനിയും കമലും… ഇങ്കെ ലാലേട്ടനും മമ്മൂക്കയും, ഇവിടെ ആരാണ് ഹീറോ എന്ന ചർച്ച വേണ്ട, രണ്ടുപേരും മലയാളികളുടെ ഹീറോയാണ് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയ നിറയ്ക്കുന്നത്.

47 വർഷങ്ങൾക്ക് ശേഷമാണ് രജിനികാന്തും കമൽ ഹാസനും ഒന്നിക്കുന്നത്. ജയിലർ, ബീസ്റ്റ്, ഡോക്‌ടർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ നെൽസണാണ് ഈ പ്രൊജക്ടിന്റെ സംവിധായകൻ. അനിരുദ്ധ് നൽകിയ സംഗീതവും ഇരു താരങ്ങളെയും അവതരിപ്പിച്ച രീതിയും ഇതിനോടകം ചർച്ചയായി.

Content Highlight: Mammootty Manohanlal AI video goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more