| Tuesday, 27th January 2026, 4:10 pm

സുനിതാ വില്യംസിനോട് എനിക്ക് ചോദിക്കാന്‍ രണ്ട് ചോദ്യങ്ങളുണ്ട്: മമ്മൂട്ടി

ആദര്‍ശ് എം.കെ.

ബഹിരാകാശ യാത്രിക സുനിതാ വില്യംസിനോട് തനിക്ക് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് മമ്മൂട്ടി. കൈരളി ടി.വിയുടെ ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തനിക്ക് പത്മഭൂഷണ്‍ ലഭിക്കാന്‍ വൈകിപ്പോയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പമാണ് മമ്മൂട്ടി തമാശപൂര്‍വം ഇക്കാര്യവും പറഞ്ഞത്.

മമ്മൂട്ടി

‘ഒന്നും ഒരിക്കലും വൈകാറില്ല. നമ്മളാണ് വൈകുന്നത്. സൂര്യനുദിക്കുന്നതെല്ലാം കൃത്യ സമയത്താണ്, അസ്തമിക്കുന്നതും രാത്രിയാകുന്നതും ചന്ദ്രന്‍ ഉദിക്കുന്നതും എല്ലാം കൃത്യസമയത്താണ്.

ഈ ഭൂമിയില്‍ മാത്രമേ സമയുണ്ടാകുന്നുള്ളൂ എന്നത് വേറെ. ഇവിടുന്ന് പത്ത് നൂറ് കിലോമീറ്റര്‍ മുകളിലേക്ക് പോയാല്‍ സമയമില്ല. സുനിതാ വില്യംസിനോട് ചോദിച്ചാല്‍, അവര്‍ക്കവിടെ സമയമില്ല. സമയമില്ല വായുവില്ല വെളിച്ചവുമില്ല.

സുനിതാ വില്യംസ്

ഞാന്‍ ഒരാളോട് പറഞ്ഞു സുനിതാ വില്യംസിനെ കണ്ടാല്‍ ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന്. അവിടെ സമയമില്ലാത്തതുകൊണ്ട് സമയം പോകാന്‍ അവര്‍ എന്ത് ചെയ്യും എന്ന് ചോദിക്കണമെന്ന്. എന്തുത്തരം പറഞ്ഞു എന്ന് എന്നോട് പറഞ്ഞില്ല.

പിന്നെ അവിടെ ഒന്നിനും ഭാരമില്ല, കനമില്ല നമുക്ക്. അപ്പോള്‍ എന്നെപ്പോലെയുള്ള ആളുകള്‍ പോയാല്‍ ചുറ്റിപ്പോവുകയോ ഉള്ളൂ, നമ്മുടെ തലക്കനം എന്ത് ചെയ്യും. അങ്ങനെ ഒന്നുരണ്ട് തമാശകള്‍,’ മമ്മൂട്ടി പറഞ്ഞു.

പത്മപുര്‌സകാരം നേടിയതിനെ കുറിച്ചും ചടങ്ങില്‍ മമ്മൂട്ടി തമാശപൂര്‍വം സംസാരിച്ചിരുന്നു. താന്‍ എക്‌സ് പത്മശ്രീ ആണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

‘ഞാനൊരു എക്സ് പത്മശ്രീയാണ്. ഉണ്ടായിരുന്ന പത്മശ്രീ പോയി. ഇപ്പോള്‍ പത്മഭൂഷണ്‍ ആണെന്ന് പറയുന്നു. നിങ്ങള്‍ വിചാരിക്കും പോലെ ബസില്‍ ഫ്രീ ടിക്കറ്റോ മറ്റോ അങ്ങനെയുള്ള ഒരു പ്രിവിലേജും ഇല്ല. നിങ്ങളുടെ മനസിലുള്ള പ്രിവിലേജിനപ്പുറത്തേക്ക് പദവികള്‍ക്ക് ഒരു പ്രിവിലേജും തന്നെയില്ല.

ഞങ്ങളുടെ മമ്മൂട്ടിക്ക് അതുണ്ട് ഇതുണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് പറയാം, സന്തോഷിക്കാം. അത് തന്നെ എനിക്ക് ധാരാളം. ഞാനൊരു മുന്‍ പത്മശ്രീയും ഇപ്പോള്‍ പത്മഭൂഷണുമായ വെറും മമ്മൂട്ടിയാണ്. വലിയ ബഹുമതികള്‍ ഞാന്‍ തോളിലോ മനസിലോ കൊണ്ടുനടക്കാറില്ല.

രാജ്യം ആദരിക്കുമ്പോള്‍ അതിനെ സന്തോഷപൂര്‍വം സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാനത് ചെയ്യുന്നു. വളരെ സന്തോഷം. എന്റെ സന്തോഷത്തിന്റെ മുഴുവന്‍ പങ്കും നിങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. ചോദ്യം ചെയ്യപ്പെടാനാകാത്ത ആ അവകാശത്തിലാണ് എന്റെ സന്തോഷം കൂടുന്നത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty jokingly says he has two questions to ask Sunita Williams

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more