| Wednesday, 5th February 2025, 8:06 am

രാജമാണിക്യത്തിന് ശേഷം വീണ്ടും തിരുവനന്തപുരം സ്ലാങ്ങുമായി മമ്മൂട്ടി, ഇത്തവണയും കൂടെ യുവസംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്‍വര്‍ റഷീദ് എന്ന പുതുമുഖസംവിധായകന്റെ വരവറിയിച്ച ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം. മമ്മൂട്ടിയെ അതുവരെ കാണാത്ത രൂപത്തിലും കഥാപാത്രത്തിലും അന്‍വര്‍ റഷീദ് അവതരിപ്പിച്ച ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. ബെല്ലാരി രാജ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്.

ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം വീണ്ടും തിരുവനന്തപുരം സ്ലാങ്ങില്‍ ഒരു മമ്മൂട്ടി കഥാപാത്രം വരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവിനൊപ്പമാണ് മമ്മൂട്ടി കൈകോര്‍ക്കുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിതീഷിന്റെ പോസ്റ്റ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തിരുവനന്തപുരം പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഒരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമാകും മമ്മൂട്ടി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിട്ടാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക.

ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഫാലിമി 2023ലെ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെയും അവരുടെ വാരണസി യാത്രയുടെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫാലിമി പോലെ കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തന്നെയാകും മമ്മൂട്ടി- നിതീഷ് പ്രൊജക്ട് എന്നാണ് ആരാധകര്‍ കരുതുന്നത്.

അനുരാജ് ഒ.ബിയും നിതീഷ് സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒടുവിലോടെ ചിത്രം തിയേറ്ററുകൡലെത്തുമെന്നാണ് കരുതുന്നത്. മമ്മൂട്ടിക്കമ്പനിയുടെ എട്ടാമത്തെ പ്രൊജക്ടാണ് നിതീഷ് സഹദേവിനൊപ്പമുള്ളത്.

മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും പുതിയ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ നിന്ന് 20 കോടിയോളം നേടിയ ചിത്രം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കുകയും ചെയ്തു. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിക്കമ്പനിയുടേതായി ഇനി പുറത്തുവരാനുള്ളത്. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലന്‍. ഏപ്രില്‍ ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlight: Mammootty joining hands with Nitish Sahadev for a Comedy entertainer

We use cookies to give you the best possible experience. Learn more