| Monday, 5th January 2026, 11:03 pm

ഒ.ജി ഷണ്മുഖന്‍ തിരിച്ചെത്തിയിട്ടുണ്ടേ; 24 വര്‍ഷം കഴിഞ്ഞിട്ടും മാസിന് കുറവൊന്നുമില്ല

അമര്‍നാഥ് എം.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്വാഗുള്ള കഥാപാത്രമേതെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം ബിലാല്‍ എന്നായിരിക്കും. എന്നാല്‍ ബിലാലിനും മുമ്പ് പ്രത്യക്ഷപ്പെട്ട ക്ലാസ് കഥാപാത്രമായിരുന്നു കരിക്കാമുറി ഷണ്മുഖന്‍. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്കിലെ ഈ കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ ബേസാണ്. ഒരേ സമയം മാസ്സായും ക്ലാസായും മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ബ്ലാക്ക്.

24 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി വീണ്ടും ഷണ്മുഖനായി വേഷമിടുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് ഷണ്മുഖന്‍ എത്തുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‌തെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷണ്മുഖന്റെ ഐക്കോണിക് കോസ്റ്റിയൂം ധരിച്ച് സെറ്റിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. മമ്മൂട്ടിയുടെ സമീപത്തായി രഞ്ജിത് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ക്ലാസിക് കഥാപാത്രത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിക്കുകയാണ്. 24 വര്‍ഷം കഴിഞ്ഞിട്ടും പഴയതിനെക്കാള്‍ മാസാണ് ഷണ്മുഖനെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

മൂന്ന് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ഈ പ്രൊജക്ടിനായി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അവസാനം ചെയ്ത സിനിമകളെല്ലാം വേണ്ടത്ര ശ്രദ്ധ നേടാത്ത ഉദയകൃഷ്ണയും രഞ്ജിത്തും ഒന്നിക്കുന്ന പ്രൊജക്ടില്‍ അധികമാര്‍ക്കും പ്രതീക്ഷയില്ല. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യം ചെറുതല്ലാത്ത ഹൈപ്പ് നല്‍കുന്നുണ്ട്.

കൊച്ചിയെ കൈപ്പിടിയില്‍ കൊണ്ടുനടക്കുന്ന അധോലോക നേതാവ് ഡെവിന്‍ കാര്‍ലോസ് പടവീടന്റെ വിശ്വസ്തനായിരുന്നു ബ്ലാക്കിലെ ഷണ്മുഖന്‍. ലാല്‍ അവതരിപ്പിച്ച ഡെവിന്‍ കാര്‍ലോസിനും ഷണ്മുഖനും വലിയ ഫാന്‍ ബേസുണ്ട്. എല്ലാമുപേക്ഷിച്ച് കൊച്ചി വിട്ട ഷണ്മുഖന്‍ എന്തിനാണ് തിരിച്ചുവരുന്നതെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ഈ വര്‍ഷം മമ്മൂട്ടി അതിഥിവേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചത്താ പച്ചയിലാണ് ആദ്യ അതിഥിവേഷം. ഇന്ത്യയില്‍ ആദ്യമായി WWE ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചത്താ പച്ച. ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാകും മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ജനുവരി 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty joined in Renjith- Udayakrishna project as Karikkamuri Shanmukhan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more