| Wednesday, 6th August 2025, 8:47 am

അപ്‌ഡേറ്റിന്റെ ഇടയില്‍ വന്ന ബഗ്ഗാണെന്ന് തോന്നുന്നു, സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നാലെ മമ്മൂട്ടിക്ക് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായുള്ള കേസ് പിന്‍വലിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന സാന്ദ്രാ തോമസിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേസ് പിന്‍വലിക്കാനാകില്ലെന്ന് പറഞ്ഞതോടെ താനുമായി കമ്മിറ്റ് ചെയ്ത ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര തോമസ് ആരോപിച്ചു. സോഷ്യല്‍ മീഡിയ മുഴുവന്‍ സാന്ദ്രയുടെ വാക്കുകളാണ് ചര്‍ച്ച.

മലയാളസിനിമയില്‍ നിലവില്‍ നല്ലൊരു ഇമേജുള്ള മമ്മൂട്ടി ഇത്തരമൊരു പ്രവൃത്തി ചെയ്‌തെന്നുള്ള കാര്യം പലര്‍ക്കും ഇതുവരെ അംഗീകരിക്കാനായിട്ടില്ല. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ വളരെ നല്ല അഭിപ്രായങ്ങള്‍ നേടിയ മമ്മൂട്ടി അതിന് പിന്നില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നടനാണെന്നും ചിലര്‍ ആരോപിക്കുന്നു. സാന്ദ്രയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.

‘അപ്‌ഡേറ്റാകുന്നതിന്റെ ഇടക്ക് ഇതുപോലുള്ള ബഗ് വരുന്നത് സാധാരണമാണ്’, ‘അപ്‌ഡേറ്റായ മമ്മൂക്ക ഇങ്ങനെ ചെയ്യില്ല’, ‘ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ പച്ചവര വീണതുപോലെയായി മമ്മൂട്ടിയുടെ അവസ്ഥ,’ ‘പകല്‍ മാന്യന്‍ കളി എല്ലാവരും അറിഞ്ഞു,’ തുടങ്ങി വലിയ രീതിയിലുള്ള കളിയാക്കലുകളാണ് മമ്മൂട്ടിക്കെതിരെ വരുന്നത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ള ആന്റോ ജോസഫ് മമ്മൂട്ടിയുടെ വലംകൈയാണെന്നും അയാള്‍ക്ക് വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്നും ചിലര്‍ പറയുന്നു. ഇത്തരം ആളുകളെ അകറ്റിനിര്‍ത്താന്‍ മമ്മൂട്ടി ശ്രദ്ധിക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. പഴയ കാലത്തിലേക്ക് വീണ്ടും പോവുകയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതാണെങ്കില്‍ നല്ല ഉദ്ദേശമായിരുന്നെന്ന് പറയാമെന്നും എന്നാല്‍ കമ്മിറ്റ് ചെയ്ത സിനിമ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പലരും വിമര്‍ശിക്കുന്നു. എന്നാല്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ആരോഗ്യസ്ഥിതി മോശമായതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലിരിക്കുകയാണ് മമ്മൂട്ടി.

എന്നാല്‍ ഈ വിഷയത്തില്‍ മമ്മൂട്ടിയെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സാന്ദ്ര തോമസിനോട് ഫോണില്‍ പ്രൈവറ്റായി സംസാരിച്ച വിഷയം ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന വിളമ്പിയത് ശരിയായ നടപടിയല്ലെന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. മലയാളസിനിമയില്‍ കഴിഞ്ഞകുറച്ച് കാലങ്ങളായി വിവാദങ്ങളിലൊന്നും പെടാതെ സുരക്ഷിതനായി നില്‍ക്കുന്ന മമ്മൂട്ടിക്കെതിരെ ഇപ്പോള്‍ പുറത്തുവന്നത് ഗുരുതരമായ ആരോപണമാണ്

Content Highlight: Mammootty got trolls after the allegation by Sandra Thomas

We use cookies to give you the best possible experience. Learn more