അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി പുതുമുഖമായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചത്താ പച്ച. ലോകപ്രസിദ്ധ റെസ്‌ലിങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ഷോയിലെ സിഗ്നേച്ചര്‍ ഫിനിഷിങ്ങ് മൂവുകളാല്‍ സമ്പന്നമാണ്.
Photo: T series
റിങ് ഗുസ്തി പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി കാമിയോ റോളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയാക്കിയിരുന്നു. ഇതിനോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് റിങ് റെസ്‌ലിങ്ങിനെയും മമ്മൂട്ടിയുടെ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ചത്താ പച്ചയുടെ ആദ്യ ഷോകള്‍ അവസാനിച്ചതിന് പിന്നാലെ മിശ്ര അഭിപ്രായമാണ് മമ്മൂട്ടി അവതരിപ്പിച്ച ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന് സിനിമാ പേജുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരിക്കുന്ന സമയത്ത് മുജീബ് മജീദിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയില്‍ മാസ് എന്‍ട്രിയാണ് മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടറിന് ലഭിക്കുന്നത്. സമീപ കാലത്തെ സിനിമകളില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച എന്‍ട്രിയാണ് ചത്താ പച്ചയില്‍ മമ്മൂട്ടിയുടെതെന്ന് നിസ്സംശയം പറയാം.
എന്നാല്‍ എന്‍ട്രിക്ക് ശേഷം വാള്‍ട്ടര്‍ കൊച്ചി സ്ലാങ്ങില്‍ പറയുന്ന ‘ഞാനൊന്ന് അങ്ങാട്ട് മാറിയപ്പോ നീയൊക്കെ കൂടി ഇവിടത്തെ സീന്‍ മാറ്റാന്‍ നോക്കണെണ’ എന്ന ഡയലോഗ് മുതലാണ് വാള്‍ട്ടറിന്റെ പ്രകടനത്തെ കുറിച്ച് പ്രേക്ഷകന് രണ്ടാമതൊരു അഭിപ്രായം ഉടലെടുക്കുന്നത്. ചിത്രത്തിലുടനീളം വാള്‍ട്ടറിന് കിട്ടിയ ഹൈപ്പിനെ മുതലാക്കാന്‍ കൊച്ചി സ്ലാങ്ങിലുള്ള ഡയലോഗുകള്‍ക്ക് സാധിച്ചില്ലെന്നാണ് പലരുടെയും അഭിപ്രായം.
ഇതിന് പിന്നാലെ മമ്മൂട്ടി ധരിച്ച വേഷത്തിനും താരത്തിന്റെ ഹെയര്‍ സ്റ്റൈലിനും എതിരെ ട്രോളുകള്‍ ഉയരുന്നുണ്ട്. ചിത്രത്തില്‍ വന്നുപോകുന്ന ഓരോരുത്തരും സ്‌റ്റൈലിഷായി പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ വാള്‍ട്ടറിന്റെ കോസ്റ്റിയൂം തെരഞ്ഞെടുപ്പ് പാളിയെന്നാണ് പ്രക്ഷകരുടെ അഭിപ്രായം. ഡബ്യൂ.ഡബ്യൂ.ഇ ഇതിഹാസ താരവും ഹാള്‍ ഓഫ് ഫെയിമറുമായ അണ്ടര്‍ടേക്കറിന്റെ അമേരിക്കന്‍ ബാഡ് ആസ്സ് പെര്‍സോണയെ അനുകരിച്ചു കൊണ്ടാണ് വാല്‍ട്ടറിന്റെ കോസ്റ്റിയൂം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ താരത്തിന്റെതായി പറയത്തക്ക സംഘട്ടന രംഗങ്ങളൊന്നും ഇല്ലെന്നതും പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്.
Photo: T series
അതേസമയം ചിത്രത്തിലെ പ്രൊ റെസ്‌ലിങ്ങിനെ ആസ്പദമാക്കിയുള്ള സംഘട്ടന രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മാര്‍ക്കോയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ കലൈ കിങ്ങ്‌സണ്‍ ആണ് ചത്താ പച്ചയിലെയും ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ ഫിനിഷിങ്ങ് മൂവുകളായ 619, ആര്‍.കെ.ഒ, ഫ്രോഗ് സ്പ്ലാഷ് തുടങ്ങി ഒട്ടനവധി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം.
Content Highlight: Mammootty got trolled for his cameo role in chatha pacha