മദ്യപാനം ദിനചര്യയാക്കിയ ജോണി വര്‍ഗീസിനെ സ്നേഹശാസനയിലൂടെ അനുസരിപ്പിക്കാനും അടക്കിനിര്‍ത്താനും പ്രാപ്തിയുള്ള ഒരേയൊരാള്‍, അതാണ് കുട്ടപ്പായി. ജോണിയുടെ സന്തത സഹചാരി.
ഒടുവില്‍ ജോണിയുടെ മരണശേഷം എസ്റ്റേറ്റിന് പുറത്തുള്ള ‘ജോണിവാക്കര്‍ ഇവിടെ ജീവിക്കുന്നു’ എന്ന ബോര്‍ഡിന് അടുത്തായി, കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുട്ടപ്പായിയെ കാണിച്ച് ആ സിനിമ അവസാനിച്ചു.
ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ശാസിക്കുന്ന, ഉപദേശിക്കുന്ന വീട്ടുജോലിക്കാരനായ കുട്ടപ്പായി. അവനെ മലയാളികളാരും മറക്കാനിടയില്ല.
അന്ന് രഞ്ജിത്തും മമ്മൂട്ടിയും സംവിധായകന്‍ ജയരാജിനെ ഊട്ടിയിലെ ലൊക്കേഷനിലേക്ക് ക്ഷണിച്ചു. അവിടെയിരുന്ന് ജോണി വാക്കറിന്റെ ചര്‍ച്ചകള്‍ നടത്താം എന്നതായിരുന്നു അവരുടെ പ്ലാന്‍. അങ്ങനെ ജയരാജ് നേരെ ഊട്ടിയിലേക്ക് വണ്ടികയറി.
ചര്‍ച്ചകള്‍ക്കിടയില്‍ മമ്മൂട്ടിയുടെ കണ്ണുകള്‍ അവിടെയുണ്ടായിരുന്ന ഡാന്‍സ് ഗ്രൂപ്പിന് നേരെ നീണ്ടു. ആ കൂട്ടത്തില്‍ സ്മാര്‍ട്ടായ ഒരു തമിഴ് പയ്യനുണ്ടായിരുന്നു. അന്ന് മമ്മൂട്ടി ജയരാജിനെ വിളിച്ച് ആ പയ്യന് നേരെ വിരല്‍ ചൂണ്ടി.
‘ദാ കുട്ടപ്പായി ആയിട്ട് അവന്‍ പറ്റില്ലേ’യെന്ന് അദ്ദേഹം ചോദിച്ചു. കഥാപാത്രങ്ങളെ കണ്ടെത്തുന്ന കാര്യത്തില്‍ മമ്മൂട്ടി ഏറെ ഷാര്‍പ്പാണെന്ന് ജയരാജിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ക്ക് കൂടുതലൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല.
‘അന്ന് മമ്മൂക്ക നമുക്ക് അവന്‍ പറ്റില്ലേയെന്ന് ചോദിച്ചു. അവന്‍ ആ കഥാപാത്രത്തിന് കറക്ടായിരുന്നു. എനിക്ക് അതില്‍ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. ഞാന്‍ അവനെ അടുത്തേക്ക് വിളിച്ച് സംസാരിച്ചു,’ ജയരാജ് ഇന്നും ഓര്‍ക്കുന്നു.
‘എടാ നീ അഭിനയിക്കുന്നോ’യെന്ന് ജയരാജ് ചോദിച്ചു. ഉടനെ തന്നെ ‘ഞാന്‍ റെഡി സാര്‍’ എന്നായിരുന്നു അവന്റെ മറുപടി. ഒടുവില്‍ ജയരാജ് ജോണിയുടെ കുട്ടപ്പായിയെ അവിടെ വെച്ച് കണ്ടെത്തി. ഡാന്‍സ് ഗ്രൂപ്പിനൊപ്പം വന്ന പയ്യന്‍ കുട്ടപ്പായിയായി മാറി.
സിനിമയിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഈ കുട്ടപ്പായിയെ ആരും മറന്നില്ല. ഇപ്പോഴും ജോണി വാക്കര്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടപ്പായിയുടെ മുഖമാണ് മലയാളികള്‍ക്ക് ഓര്‍മ വരുന്നത്.
ഡാന്‍സര്‍ നീലകണ്ഠന്‍… നീലകണ്ഠനാണ് മമ്മൂട്ടി അന്ന് കണ്ടെത്തിയ ‘ജോണിയുടെ കുട്ടപ്പായി’. ഈയിടെ സോഷ്യല്‍ മീഡിയ അയാളെ അന്വേഷിച്ച് കണ്ടെത്തിയതാണ്. ആളിപ്പോള്‍ അങ്ങ് ജപ്പാനില്‍ ഇന്ത്യന്‍ ഡാന്‍സ് എന്ന സ്ഥാപനം നടത്തുകയാണ്. എന്നാല്‍ ഇന്നും മലയാളികള്‍ക്ക് അയാള്‍ ജോണിയുടെ കുട്ടപ്പായി തന്നെയാണ്.
Content Highlight: Mammootty finds Johnnie Walker’s Kuttapayi; The story of the boy who came with the dance group and made it into a movie