പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അമരത്തിരിക്കുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. 1980 കളില്‍ തുടങ്ങിയ ആധിപത്യം ഇരുവരും പുതുമുഖങ്ങള്‍ക്ക് ഒരവസരം പോലും നല്‍കാതെ 2026ലും തുടരുകയാണ്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹബ് ഫാല്‍ക്കെ നേടി മോഹന്‍ലാലും പത്മഭൂഷണും പതിനാറാമത് ഫിലിം ഫെയര്‍ നേടി മമ്മൂട്ടിയും തങ്ങളുടെ കുതിപ്പ് തുടരുകയാണ്.
മമ്മൂട്ടിയും മോഹന്‍ലാലും. Photo: Mammootty/ X.com
തന്നോടൊപ്പം മികച്ച നടനുള്ള പുരസ്‌കാരത്തിന് മത്സരിച്ച യുവതാരങ്ങളായ ആസിഫ് അലിയെയും ബേസില്‍ ജോസഫിനെയും പിന്തള്ളിയാണ് മമ്മൂട്ടി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയറും നേടിയതെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കല്‍-കള്‍ച്ചറല്‍ മാഗസിനായ ദ കാരവനില്‍ കവറായെത്തിയാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
‘മമ്മൂട്ടി-ദി റി ഇന്‍വെന്‍ഷന്‍ ഓഫ് മലയാളം സിനിമാസ് മോസ്റ്റ് എന്‍ഡുറിങ് സ്റ്റാര്‍’ എന്ന തലക്കെട്ടോടെയാണ് കാരവാനില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളങ്കാവല്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവുമായി ബന്ധപ്പെട്ട് ആതിര കോനിക്കര എഴുതിയ ലേഖനവും മാഗസിനിലുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച ദ കാരവാന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ളതും വായനക്കാരുള്ളതുമായ മാഗസിനാണ്.
ഇന്ത്യയിലെ മറ്റേതൊരു കഥാപാത്രവും ചെയ്യാന്‍ മടിക്കുന്ന വില്ലന്‍ വേഷമാണ് ജിതിന്‍.കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സ്റ്റാന്‍ലി ദാസെന്ന കൊടുംകുറ്റവാളിയായി വേഷമിട്ട മമ്മൂട്ടിയുടെ പ്രകടനത്തിന് ഒട്ടനവധി നിരൂപക പ്രശംസയാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലഭിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സ്റ്റാന്‍ലി ദാസെന്ന കൊടുംകുറ്റവാളിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കളങ്കാവല്‍. Photo: AFSIN/ X.com
ഒട്ടനവധി പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക ആവശ്യങ്ങള്‍ക്ക് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുന്ന സ്റ്റാന്‍ലി ദാസിനെ ഇതിന് മുമ്പ് ചെയ്ത് വെച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് താരം വെള്ളിത്തരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ഹൊറര്‍-ഫാന്റസി ചിത്രം ഭ്രമയുഗത്തിലെ പ്രകടനത്തിന് ഇക്കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ മമ്മൂട്ടി കളങ്കാവലിലൂടെ വരാനിരിക്കുന്ന വര്‍ഷത്തേക്കും ശക്തമായ മത്സരമാണ് എതിരാളികള്‍ക്ക് നല്‍കാന്‍ പോകുന്നതെന്നതില്‍ സംശയമില്ല.
Content Highlight: mammootty featured as cover of The caravan Magazine
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ