| Friday, 31st October 2025, 12:44 pm

മമ്മൂട്ടിയോട് മത്സരിച്ച് മറ്റ് നടന്മാര്‍ നേടേണ്ട അവാര്‍ഡ്, അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ബേസിലും മമ്മൂട്ടിയുമായി മത്സരിക്കേണ്ടി വരുമെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. നവംബര്‍ ഒന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളും പ്രകടനങ്ങളും ഏതൊക്കെയാകുമെന്ന തരത്തില്‍ പല ചര്‍ച്ചകളും സിനിമാലോകത്ത് സജീവമാണ്. മികച്ച നടനുള്ള അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടി, ആസിഫ് അലി, മോഹന്‍ലാല്‍, ടൊവിനോ എന്നിവരാണ് എത്തിയിട്ടുള്ളത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡിന്റെ അവസാന റൗണ്ടിലെത്തുന്നത്. 2022ല്‍ അവസാന റൗണ്ടിലെത്തി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി, കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിനൊപ്പവും മത്സരിച്ചിരുന്നു. ഈ വര്‍ഷവും അവസാന റൗണ്ടിലെത്തി ഹാട്രിക് തികച്ചിരിക്കുകയാണ് മമ്മൂട്ടി.

ഓരോ സിനിമയിലും ഒന്നിനൊന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ആസിഫ് അവസാന റൗണ്ടിലെത്തിയത്. ഇതുവരെ കാണാത്ത തരത്തില്‍ മല്ലനായി വേഷമിട്ട മോഹന്‍ലാലും ഒറ്റ സിനിമയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്തുമാണ് ടൊവിനോയും അവസാന റൗണ്ടിലെത്തിയത്. എന്നാല്‍ ഈ പ്രകടനങ്ങള്‍ക്കൊന്നും ഭ്രമയുഗത്തിന്റെ അടുത്തെത്താനായിട്ടില്ലെന്നാണ് പലരും വാദിക്കുന്നത്.

എന്നാല്‍ ഈ വര്‍ഷം മാത്രമല്ല, അടുത്ത വര്‍ഷവും മറ്റ് നടന്മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ അടിസ്ഥാനത്തില്‍ ബേസില്‍ ജോസഫ് 2026ലെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അവസാന റൗണ്ടിലെത്തുമെന്നാണ് അഭിപ്രായപ്പെടുന്നത്. പൊന്മാനിലെ അജേഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ച ബേസിലിന് വെല്ലുവിളിയുമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകരുടെ അഭിപ്രായം.

നവംബറില്‍ പുറത്തിറങ്ങുന്ന കളങ്കാവലില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നു. ഇതുവരെ കാണാത്ത തരത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. വില്ലനായാണ് കളങ്കാവലില്‍ മമ്മൂട്ടി എത്തുന്നത്. വിനായകനും കളങ്കാവലില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നു.

കൊവിഡിന് ശേഷം തന്റെ ട്രാക്ക് മൊത്തമായി മാറ്റിയ മമ്മൂട്ടി ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാക്കിയിരിക്കുകയാണ്. തന്റെ ജൂനിയറായിട്ടുള്ള നടന്മാരുമായി അവാര്‍ഡിനുള്ള മത്സരത്തില്‍ ശക്തമായ വെല്ലുവിളിയാണ് മമ്മൂട്ടി ഉയര്‍ത്തുന്നത്. നാളത്തെ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി മമ്മൂട്ടി ചരിത്രം കുറിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Mammootty Fans arguing that he will compete with Basil Joseph next year

We use cookies to give you the best possible experience. Learn more