| Saturday, 25th April 2026, 8:53 am

ലോകയിൽ വാമ്പയറായി വരുമെന്ന് സ്ഥിരീകരിച്ച് മമ്മൂട്ടി; പക്ഷെ... കുറച്ചൊന്ന് കാത്തിരിക്കണമെന്ന് താരം

നന്ദന എം.സി

മലയാള സിനിമയിൽ കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന താരം, ഓരോ സിനിമയിലും പുതിയ പരീക്ഷണങ്ങൾ നടത്തി തന്റെ അഭിനയപരിധി കൂടുതൽ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളും ഈ വൈവിധ്യത്തിന് തെളിവാണ്.

മമ്മൂട്ടി, Photo: IMDb

വില്ലനായും നായകനായും സഹനടനായും എല്ലാ തരത്തിലുള്ള വേഷങ്ങളും കൈകാര്യം ചെയ്തിട്ടുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ കരിയറിന്റെ വലിയ ശക്തി. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനെന്ന വിശേഷണം മമ്മൂട്ടിക്ക് സ്വന്തമാണ്.

ഇതിനിടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക2 എന്ന ചിത്രത്തിൽ താൻ ഉണ്ടാകുമെന്ന് മമ്മൂട്ടി സ്ഥിരീകരിച്ചു. പേട്രിയറ്റ് സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ്മീറ്റിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ വാമ്പയർ വേഷത്തിൽ മമ്മൂട്ടി എത്തുമോ എന്ന ചോദ്യത്തിന് ‘ഇതിന് പേടിക്കണ്ട, കുറച്ചുകൂടെ കഴിഞ്ഞിട്ടേ വരൂ…ഞെട്ടിക്കും ‘ എന്നാണ് താരം മറുപടി നൽകിയത്.

ലോക, Photo: IMDb

നേരത്തെ തന്നെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ദുൽഖർ സൽമാൻ തന്നെ ‘പറ്റിച്ചാണ്’ അഭിനയിപ്പിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അതിനാൽ ഇത്തവണ താൻ തിരിച്ചടിക്കുമെന്ന് തമാശയായി അദ്ദേഹം കൂട്ടിച്ചേർത്തു.

അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലും വാമ്പയർ വേഷത്തെക്കുറിച്ച് മമ്മൂട്ടി സൂചന നൽകിയിരുന്നു. അഭിമുഖത്തിന്റെ അവസാനം ‘ഞാൻ ഒരു വാമ്പയർ കഥാപാത്രം ചെയ്യുന്നത് ചിന്തിച്ചിട്ടുണ്ടോ?’ എന്ന അപ്രതീക്ഷിത ചോദ്യം മമ്മൂട്ടി തന്നെയാണ് ഉയർത്തിയത്.

അതിന് ‘സസ്പെൻസ്’ എന്ന മറുപടിയാണ് താരം നൽകിയത്. ഇത്തരമൊരു കഥാപാത്രം മമ്മൂട്ടി ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് അനുപമ ചോപ്ര അഭിപ്രായപ്പെട്ടപ്പോൾ ‘ഇൻഷാ അല്ലാ.…’ എന്ന് ചിരിച്ചുകൊണ്ട് താരം പ്രതികരിക്കുകയും ചെയ്തു.

പേട്രിയറ്റ് ആണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്.

പേട്രിയറ്റ്, Photo: IMDb

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.

സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

Content Highlight: Mammootty confirms he will appear in the world as a vampire

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more