| Sunday, 21st September 2025, 9:31 am

വീണുപോകേണ്ടിയിരുന്ന ശ്രീകുമാറിനെ കൈ പിടിച്ചുയര്‍ത്തിയ മമ്മൂട്ടിയും ശ്രീകുമാരന്‍ തമ്പിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഫഷണല്‍-അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് വന്ന നടനാണ് പി. ശ്രീകുമാര്‍. സംവിധായകന്‍, തിരക്കഥാകൃത്ത് എഴുത്തുകാരന്‍, നിര്‍മാതാവ് എന്നീ നിലയിലും പ്രശസ്തനാണ് അദ്ദേഹം.

ശ്രീകുമാര്‍ ഒരുക്കിയ ഒരു നാടകത്തിന് പാട്ടെഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. ശ്രീകുമാരന്‍ തമ്പിയുമായുള്ള പരിചയം വളരെ പെട്ടെന്ന് തന്നെ ദൃഢമായി. അദ്ദേഹം മദ്രാസിലേക്ക് പോയതിനു പിന്നാലെ 1966ല്‍ ശ്രീകുമാറും മദ്രാസിലെത്തി. അവിടെ ശ്രീകുമാറിന് സിനിമാക്കാരെ പരിചയപ്പെടുത്തി കൊടുത്തതും ശ്രീകുമാരന്‍ തമ്പിയാണ്.

എ.ബി.രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ ഡീലക്‌സ്’ എന്ന സിനിമയിലാണ് ആദ്യമായി ശ്രീകുമാര്‍ അഭിനയിച്ചത്. മദ്രാസില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് നാട്ടില്‍ വന്ന ശ്രീകുമാര്‍ കെ.എസ്.ആര്‍.ടി.സി യില്‍ ക്ലാര്‍ക്കായി ജോലി ചെയ്തു.

തിരിച്ച് മദ്രാസില്‍ എത്തിയ ശ്രീകുമാറിനെ സഹായിച്ചത് ഹരിഹരനും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നാണ്. അന്ന് ശ്രീകുമാരന്‍ തമ്പി നിര്‍മിച്ച ‘ജയിക്കാനായ് ജനിച്ചവന്‍’ എന്ന സിനിമയില്‍ ശ്രീകുമാറിനൊരു അവസരം കൊടുത്തു. എന്നാല്‍ പിന്നീട് നല്ല അവസരങ്ങളൊന്നും ശ്രീകുമാറിനെ തേടി വന്നില്ല.

എം.മുകുന്ദന്റെ സീത എന്ന നോവലിനെ ആസ്പദമാക്കി സിനിമ നിര്‍മിക്കുകയും അതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ശ്രീകുമാര്‍. അതിനുശേഷം സ്വര്‍ണപ്പക്ഷികള്‍, കയ്യും തലയും പുറത്തിടരുത് എന്നീ സിനിമകളും അദ്ദേഹം എടുത്തു. കയ്യും തലയും പുറത്തിടരുത് ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ.

തന്റെ സിനിമാജീവിതത്തില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലെ മമ്മൂട്ടിയെയും മറക്കാന്‍ സാധിക്കില്ലെന്ന് പി. ശ്രീകുമാര്‍ പറയുന്നു.

അതിന് കാരണം ശ്രീകുമാറിന്റെ വിഷ്ണു എന്ന ചിത്രത്തിനായി ഒരു നിര്‍മാതാവിനെ കണ്ടെത്തികൊടുത്തത് മമ്മൂട്ടിയാണ്.

ബി. ശശി കുമാറാണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ വീണുപോയ ശ്രീകുമാറിൻ്റെ കൈപിടിച്ചത് മമ്മൂട്ടിയാണ്.

‘വേണു നാഗവള്ളിയാണ് മമ്മൂട്ടിയോട് എന്റെ കഥകള്‍ പറഞ്ഞത്. അങ്ങനെയാണ് മമ്മൂട്ടി എന്നെ വിളിച്ച് നിര്‍മാതാവിനെ കണ്ടെത്തി തന്നത്. അങ്ങനെ ഞാൻ വിഷ്ണു എന്ന സിനിമയും സംവിധാനം ചെയ്തു. വിഷ്ണുവിന് ശേഷം ഞാന്‍ സംവിധാനവും നിര്‍മാണവും പൂര്‍ണമായി ഉപേക്ഷിച്ചു,’ പി. ശ്രീകുമാര്‍ പറയുന്നു.

അതിന് ശേഷം ശ്രീകുമാര്‍ അഭിനയിച്ചത് സൂസന്ന എന്ന ചിത്രത്തിലാണ്. അതിലെ പ്രകടനത്തിന് ഏറെ അഭിനന്ദനം കിട്ടി. അപ്പോഴാണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പൊലീസുകാരന്റെ വേഷം ചെയ്തത്. അതോടെ ശ്രീകുമാര്‍ ഒരു ജനകീയ നടനായി. ശേഷം നൂറ്റന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കുകയും ചെയ്തു.

Content Highlight: Mammootty and Sreekumaran Thampi held Sreekumar’s hand as he was about to fall

We use cookies to give you the best possible experience. Learn more