ഒരു നടന്റെ ഏറ്റവും വലിയ ആയുധം അയാളുടെ ശരീരമാണ്. പ്രായമെത്രയായാലും എല്ലാതരം വേഷങ്ങളും ചെയ്യാന്‍ ഇത് വലിയ രീതിയില്‍ സഹായിക്കാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്ക് എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിവരുന്നത് മമ്മൂട്ടിയുടെ മുഖമാണ്. 75ാം വയസിലും തന്റെ ലുക്ക് മെയിന്റെയിന്‍ ചെയ്യുന്ന കാര്യത്തില്‍ മമ്മൂട്ടി ഒരുപടി മുന്നിലാണ്.
കഴിഞ്ഞദിവസം മമ്മൂട്ടി വീണ്ടും സോഷ്യല്‍ മീഡിയക്ക് തീയിട്ടിരുന്നു. കൊച്ചിയില്‍ പ്രവേക ഫിലിംസിന്റെ ലോഞ്ചിന് സ്‌റ്റൈലിഷായി എത്തിയ മമ്മൂട്ടിയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. വെള്ള ടീ ഷര്‍ട്ടും ക്രീം കളര്‍ പാന്റും ധരിച്ചെത്തിയ താരം ഒരിക്കല്‍ കൂടി പലരെയും ഞെട്ടിച്ചു. ഓഫ് സ്‌ക്രീന്‍ ലുക്കില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് മമ്മൂട്ടി തെളിയിച്ചെന്നാണ് കമന്റുകള്‍.
ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധ നേടിയ മറ്റൊരു സാന്നിധ്യമായിരുന്നു തമിഴ് താരം ശരത് കുമാറിന്റേത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയായി. 70 വയസ് പിന്നിട്ടിട്ടും ഇരുവരും ഫിറ്റ്‌നസില്‍ കാണിക്കുന്ന ശ്രദ്ധ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. 75 വയസായ മമ്മൂട്ടിയും 72 കാരനായ ശരത് കുമാറും ഫിറ്റ്‌നസില്‍ കാണിക്കുന്ന ശ്രദ്ധ മറ്റ് താരങ്ങളും മാതൃകയാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഇരുവരും ഒന്നിച്ച് അഭിനയിച്ച കേരള വര്‍മ പഴശ്ശിരാജയും ചിലര്‍ ചര്‍ച്ചയാക്കി. ഹരിഹരന്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിക്കൊപ്പം ശരത് കുമാറും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. പഴശ്ശിരാജയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പോള്‍ എടച്ചേന കുങ്കനായാണ് ശരത് കുമാര്‍ വേഷമിട്ടത്.
17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പഴയതിനെക്കാള്‍ ചെറുപ്പമായെന്നാണ് കമന്റുകള്‍. ഇരുവരും വീണ്ടും ഒന്നിക്കുന്ന ഒരു സിനിമ വരണമെന്ന ആഗ്രഹവും ആരാധകര്‍ പങ്കുവെച്ചു. പഴശ്ശിരാജയുടെ സംവിധായകന്‍ ഹരിഹരനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയും ഹരിഹരനും ഒന്നിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അസുഖബാധിതനായ ശേഷം സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തോളം മമ്മൂട്ടി മാറിനിന്നിരുന്നു. അസുഖമെല്ലാം മാറിയ ശേഷം പഴയതിനെക്കാള്‍ പവറിലാണ് മെഗാ സ്റ്റാറിന്റെ മാസ് എന്‍ട്രി. വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടിയുടെ മാസ് ഓറ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Mammootty and Sarath Kumar’s off screen pictures viral