യാതൊരു ഹൈപ്പുമില്ലാതിരിക്കുന്ന സിനിമക്ക് റീച്ച് ലഭിക്കാന്‍ ചില മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തെടുക്കാറുണ്ട്. അതിലൊന്നാണ് സൂപ്പര്‍താരങ്ങളുടെ അതിഥിവേഷങ്ങള്‍. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് ഹൈപ്പ് കയറിയത് മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായി വേഷമിടുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ്.
ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ Photo: IMDB
പിന്നീട് പല സിനിമകളും ഈ രീതി പിന്തുടര്‍ന്നു. ചിലത് പരാജയമായപ്പോള്‍ മറ്റ് ചിലത് ഹിറ്റായി മാറി. എന്നാല്‍ അടുത്തടുത്തായി മലയാളസിനിമയിലെ ബിഗ് എംസ് ചെയ്ത അതിഥിവേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.ഹൈപ്പില്ലാതിരുന്ന ബിഗ് ബജറ്റ് സിനിമയുടെ ഹൈപ്പ് ഉയര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങളെ സമീപിക്കുകയായിരുന്നു.
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഭ ഭ ബയില്‍ മോഹന്‍ലാല്‍ അതിഥിവേഷം ചെയ്തിരുന്നു. യാതൊരു അനക്കവുമില്ലാതെ കിടന്ന ഭ ഭ ബയെ പിന്നീട് മോഹന്‍ലാല്‍ ആരാധകര്‍ പ്രൊമോട്ട് ചെയ്യുകയായിരുന്നു. മോഹന്‍ലാലിന്റെ ക്രെഡിറ്റില്‍ ദിലീപിന് ആദ്യമായി 100 കോടി കിട്ടാന്‍ പോകുന്നു എന്നടക്കം ഫാന്‍സ് അവകാശവാദമുന്നയിച്ചു.
ഭ ഭ ബ മോഹന്‍ലാല്‍ Photo: Zee5
എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 40 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വന്‍ പരാജയമായി മാറി. ദിലീപിന്റെ ഫ്‌ളോപ്പ് സ്ട്രീക്കിലേക്ക് ഭ ഭ ബയെ ഉള്‍പ്പെടുത്തിയെങ്കിലും ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറിയത് മോഹന്‍ലാലാണ്. ഗില്ലി ബാല എന്ന കഥാപാത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മോശം കാമിയോയായി മാറി.
ഗില്ലി ബാലയുടെ അത്ര വരില്ലെങ്കിലും മമ്മൂട്ടിയുടെ അതിഥിവേഷവും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരിക്കുകയാണ്. നവാഗതനായ അദ്വൈത് നായര്‍ ഒരുക്കിയ ചത്താ പച്ചയുടെ ഹൈപ്പ് മെറ്റീരിയലായി മാറിയത് മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു. കൊച്ചിയില്‍ ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ അനുകരിച്ച് ഒരുകൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന ഫൈറ്റ് നൈറ്റിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്.
ചത്താ പച്ചയുടെ ആദ്യ സീന്‍ മുതല്‍ എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പൊക്കിയടിച്ച കഥാപാത്രമായിരുന്നു വാള്‍ട്ടര്‍. കൊച്ചിയെ ഞെട്ടിച്ച ഗുസ്തിക്കാരനാണ് ബുള്ളറ്റ് വാള്‍ട്ടര്‍. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഹൈപ്പ് നല്‍കിയ വാള്‍ട്ടറിന് ഗംഭീര ഇന്‍ട്രോയാണ് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ മമ്മൂട്ടിയില്‍ വാള്‍ട്ടര്‍ ഭദ്രമായിരുന്നില്ല.
അണ്ടര്‍ടേക്കറുടെ ഗെറ്റപ്പിലെത്തിയ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരു ഇംപാക്ടും ഉണ്ടാക്കിയില്ല. സിങ്ക് സൗണ്ടിലെ ഡയലോഗ് ഡെലിവറി കൂടിയായപ്പോള്‍ വാള്‍ട്ടര്‍ എന്തിനോ വേണ്ടി തിളച്ച സാമ്പാറായി മാറി. അസുഖം മാറി തിരിച്ചെത്തി മമ്മൂട്ടി ആദ്യം ചെയ്ത ചിത്രമായിരുന്നു ചത്താ പച്ച. അസുഖത്തിന്റെ ക്ഷീണം മമ്മൂട്ടിയില്‍ നന്നായി പ്രകടമായിരുന്നു.
ഹൈപ്പ് കൂട്ടാന്‍ വന്ന് അവസാനം ഇംപാക്ടുണ്ടാക്കാത്ത കഥാപാത്രമായി മമ്മൂട്ടി മാറിയപ്പോള്‍ ആജീവനാന്ത ട്രോളിനുള്ള വകുപ്പുകള്‍ സമ്മാനിച്ചായിരുന്നു ഗില്ലി ബാല അവതരിച്ചത്. ഇനി സൂപ്പര്‍താരങ്ങളുടെ കാമിയോ ഉണ്ടെന്ന് പറയപ്പെടുന്ന കത്തനാര്‍, പള്ളിച്ചട്ടമ്പി പോലുള്ള സിനിമകളുടെ ഹൈപ്പും തുലാസിലാണ്.
Content Highlight: Mammootty and Mohanlal’s cameos didn’t made impact in Bha Bha Ba and Chatha Pacha