ആരോഗ്യപ്രശ്‌നം കാണം ഇടവേളയെടുത്ത മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി അടുത്തിടെയാണ് സിനിമയുടെ തിരക്കുകളിലേക്ക് വീണ്ടും കടന്നുവന്നത്. അഞ്ച് മാസത്തോളം സിനിമയില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ സെറ്റില്‍ കഴിഞ്ഞദിവസമാണ് ജോയിന്‍ ചെയ്തത്. വെള്ളിവെളിച്ചത്തിന്റെ തിരക്കിലേക്ക് മമ്മൂട്ടി തിരിച്ചെത്തിയത് കേരളമൊറ്റക്കെട്ടായാണ് ആഘോഷിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി മമ്മൂട്ടി ലണ്ടനിലേക്ക് തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വണ്ടിയിറങ്ങിയ മമ്മൂട്ടിയെ യാത്രയയക്കാന്‍ പങ്കാളി സുല്ഫത്തും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടായിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ദുല്‍ഖറിന്റ വീഡിയോ ഇതിനോടകം വൈറലായി.
ഒരുപാട് കാലത്തിന് ശേഷം മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒന്നിച്ച് ഒരു ഫ്രെയിമില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള വീഡിയോക്ക് മാസ് ബി.ജി.എം നല്‍കിയാണ് ആരാധകര്‍ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയ വീണ്ടും മമ്മൂട്ടി ഭരിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഈ വീഡിയോയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി ആദ്യമായി നടത്തുന്ന ദീര്‍ഘയാത്രയാണിത്. പാട്രിയറ്റിന്റെ വളരെ പ്രധാനമായ സീനുകളാണ് ലണ്ടനില്‍ ചിത്രീകരിക്കുന്നത്. ഇതിന് ശേഷം ദുബായ്‌യിലും കൊച്ചിയിലും ചിത്രത്തിന്റെ ഷൂട്ട് ബാക്കിയുണ്ട്. മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പാട്രിയറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാമത്തെ ഗെറ്റപ്പിലാകും ലണ്ടന്‍ ഷെഡ്യൂളില്‍ താരം പങ്കെടുക്കുകയെന്നും കേള്‍ക്കുന്നു.
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും പാട്രിയറ്റില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 11 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് പാട്രിയറ്റിന്റേത്. മിലിട്ടറി ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറിന് പ്രതീക്ഷിച്ച വരവേല്പല്ല ലഭിച്ചത്. എന്നാല്‍ ചിത്രം ഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2026 ഏപ്രിലില്‍ പാട്രിയറ്റ് തിയേറ്ററുകളിലെത്തും.
Content Highlight: Mammootty and Dulquer Salman’s new video went viral