| Tuesday, 24th November 2026, 7:15 pm

മകനെപ്പോലെ അച്ഛനും; സ്വന്തം ഭാഷയില്‍ ആദ്യത്തെ 100 കോടി നേടാനാകാതെ ദുല്‍ഖറും മമ്മൂട്ടിയും

അമര്‍നാഥ് എം.

ഒരു നടന്റെ ബോക്‌സ് ഓഫീസ് പവര്‍ അളക്കുന്നത് കോടി ക്ലബ്ബിന്റെ എണ്ണത്തിലാണ്. ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമയിലെ നടനാണ് ബോക്‌സ് ഓഫീസില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നാണ് ട്രാക്കിങ് പേജുകള്‍ അഭിപ്രായപ്പെടുന്നത്. മോളിവുഡിന്റെ റേഞ്ച് വളര്‍ന്നതിനോടൊപ്പം കളക്ഷന്റെ കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും മലയാളസിനിമക്ക് സാധിക്കുന്നുണ്ട്.

എന്നാല്‍ പല താരങ്ങളും 100, 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ ഈയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിക്കാത്ത താരങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ് ലിസ്റ്റിലെ പ്രധാനികള്‍. ഗംഭീര ഫാന്‍ ഫോളോയിങ്ങുണ്ടെങ്കിലും മലയാളത്തില്‍ 100 കോടി എന്ന നേട്ടം ഇരുവര്‍ക്കും ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.

കരിയറില്‍ ഇവരുടെ സിനിമക്ക് 100 കോടി കളക്ഷന്‍ ലഭിച്ചെങ്കിലും അത് അന്യഭാഷയിലാണെന്നതും ശ്രദ്ധേയമാണ്. ധനുഷിനൊപ്പമുള്ള ഓ.എമ്മിലൂടെയാണ് കരിയറിലെ ആദ്യ 100 കോടി മമ്മൂട്ടിക്ക് ലഭിച്ചത്. പലകുറി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ നേട്ടമാണ് ഓ.എമ്മിലൂടെ മമ്മൂട്ടിക്ക് ലഭിച്ചത്. റിലീസ് ചെയ്ത് നാലാം ദിവസമാണ് ചിത്രം ഈ നേട്ടത്തിലെത്തിയത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ ആദ്യ 100 കോടിയും അന്യഭാഷയിലൂടെയായിരുന്നു എന്നതും സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2024ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലൂടെയാണ് ദുല്‍ഖര്‍ ആദ്യമായി ട്രിപ്പിള്‍ ഡിജിറ്റിലെത്തിയത്. കിങ് ഓഫ് കൊത്തയുടെ പരാജയത്തില്‍ നിന്ന് ആരാധകര്‍ക്ക് ആശ്വാസം നല്‍കിയത് ഈയൊരു വിജയമായിരുന്നു.

അന്യഭാഷയിലൂടെ ആദ്യ 100 കോടി നേടിയ ഇരുവരുടെയും അടുത്ത ലക്ഷ്യം സ്വന്തം ഇന്‍ഡസ്ട്രിയിലെ 100 കോടിയാണ്. ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേളയിലൂടെ മമ്മൂട്ടി ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിതീഷ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം 2027 ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ മികച്ച സിനിമകള്‍ മമ്മൂട്ടിയുടെ ലൈനപ്പിലുണ്ടെങ്കിലും ദുല്‍ഖറിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഐ ആം ഗെയിമിന്റെ പരാജയത്തിന് ശേഷം വീണ്ടും നാടുവിട്ട ദുല്‍ഖര്‍ രണ്ട് അന്യഭാഷാ സിനിമകളുടെ തിരക്കിലാണ്. 2027ല്‍ താരം മലയാളത്തില്‍ സിനിമ ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Mammootty and Dulquer’s first 100 crore from other language

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more