പത്മഭൂഷണ്‍ പുരസ്‌കാരം നേടിയതില്‍ രസകരമായ പ്രതികരണവുമായി മമ്മൂട്ടി. കൈരളി ടി.വിയുടെ ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൊരു എക്‌സ് പത്മശ്രീ ആണെന്നാണ് മമ്മൂട്ടി തമാശപൂര്‍വം പറഞ്ഞത്. പുരസ്‌കാരങ്ങള്‍ക്ക് ഒരു പ്രിവിലേജുമില്ലെന്നും ഈ പദവികളൊന്നും താന്‍ തോളിലോ മനസിലോ കൊണ്ടുനടക്കാറില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി
‘ഞാനൊരു എക്‌സ് പത്മശ്രീയാണ്. ഉണ്ടായിരുന്ന പത്മശ്രീ പോയി. ഇപ്പോള്‍ പത്മഭൂഷണ്‍ ആണെന്ന് പറയുന്നു. നിങ്ങള്‍ വിചാരിക്കും പോലെ ബസില്‍ ഫ്രീ ടിക്കറ്റോ മറ്റോ അങ്ങനെയുള്ള ഒരു പ്രിവിലേജും ഇല്ല. നിങ്ങളുടെ മനസിലുള്ള പ്രിവിലേജിനപ്പുറത്തേക്ക് പദവികള്‍ക്ക് ഒരു പ്രിവിലേജും തന്നെയില്ല.
ഞങ്ങളുടെ മമ്മൂട്ടിക്ക് അതുണ്ട് ഇതുണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് പറയാം, സന്തോഷിക്കാം. അത് തന്നെ എനിക്ക് ധാരാളം. ഞാനൊരു മുന്‍ പത്മശ്രീയും ഇപ്പോള്‍ പത്മഭൂഷണുമായ വെറും മമ്മൂട്ടിയാണ്. വലിയ ബഹുമതികള്‍ ഞാന്‍ തോളിലോ മനസിലോ കൊണ്ടുനടക്കാറില്ല.
രാജ്യം ആദരിക്കുമ്പോള്‍ അതിനെ സന്തോഷപൂര്‍വം സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാനത് ചെയ്യുന്നു. വളരെ സന്തോഷം. എന്റെ സന്തോഷത്തിന്റെ മുഴുവന്‍ പങ്കും നിങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. ചോദ്യം ചെയ്യപ്പെടാനാകാത്ത ആ അവകാശത്തിലാണ് എന്റെ സന്തോഷം കൂടുന്നത്,’ മമ്മൂട്ടി പറഞ്ഞു.
1998ല്‍ പത്മശ്രീ പുരസ്‌കാരമേറ്റുവാങ്ങിയ ശേഷം 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയന്‍ ബഹുമതി മമ്മൂട്ടിയെ തേടിയെത്തുന്നത്. മമ്മൂട്ടിയുടേതടക്കം ഏഴ് പത്മ പുരസ്‌കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ സമ്മാനിച്ചപ്പോള്‍ പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവരും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് അര്‍ഹരായി.
മമ്മൂട്ടിക്ക് പുറമെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ലഭിച്ചു. കലാമണ്ഡലം വിമല മേനോന്‍, കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവരെ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.
Content Highlight: Mammootty about winning Padmabhushan