കൊച്ചി: മീ ടൂ മുവ്മെന്റിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. മീ ടു അടക്കമുള്ള നിരവധി കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നും ഇത്തരം മൂവ്‌മെന്റുകള്‍ നല്ലതാണെന്നും മമ്മൂട്ടി പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നറിയുന്നത് ഏറെ വൈകിയാണ്. എങ്കില്‍ പോലും അത്തരമൊരു മൂവ്‌മെന്റ് തീര്‍ച്ചയായും നല്ലത് തന്നെയാണ് എന്നും മമ്മൂട്ടി പറഞ്ഞു.
മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ താങ്കളടക്കമുള്ള വലിയ താരങ്ങള്‍ നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.’ മറ്റ് സിനിമാ ഇന്‍ഡ്‌സ്ട്രികളെ അപേക്ഷിച്ച് മലയാളം വളരെ ചെറിയ ഇന്‍ഡസ്ട്രിയാണ്. ഇവിടെ സിനിമകള്‍ പരമാവധി അറുപതോ എഴുപതോ ദിവസങ്ങള്‍ മാത്രമാണ് എടുക്കുന്നത്. അപൂര്‍വം ചില സിനിമകള്‍ നൂറ് ദിവസം വരെ എടുക്കും.
ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഇത്ര ദിവസം മാത്രമെടുക്കുമ്പോള്‍ വര്‍ഷത്തിലെ മറ്റ് ദിവസങ്ങള്‍ ഇവിടെയുള്ള ആക്ടേഴ്സ് മറ്റ് എന്ത് ചെയ്യാനാണ്. സിനിമ ചെയ്യുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അമ്പരപ്പിക്കുന്നതും, ആകര്‍ഷിക്കുന്നതുമായ സിനിമ ചെയ്യുക എന്നതാണ്. ഹിന്ദിയില്‍ ഇത് പോലെയല്ല. -മമ്മൂട്ടി പറഞ്ഞു.
സിനിമ, സാമൂഹ്യസേവനം, കുടുംബം, ബിസിനസ് ഇതെല്ലാം ഒരു ദിവസത്തില്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ഒരു ദിവസത്തില്‍ 8 മണിക്കൂര്‍ ഉറക്കത്തിന് മാറ്റിവെച്ചാല്‍ പോലും ബാക്കി സമയം ഉണ്ടല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അഭിനയത്തോട് മാത്രമാണ് എന്നും പാഷന്‍. അഭിനയത്തിന് വേണ്ടി തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. സാമൂഹ്യ സേവനം ഉണ്ട്. പിന്നെ കൂടുതല്‍ ബിസിനസ് ഒന്നും ഇല്ല. വീട്ടില്‍ ഭര്‍ത്താവും അച്ഛനുമാണ്.
ദുല്‍ഖറിന്റെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് അച്ഛന്റെ റോള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും കരിയറും കഥാപാത്രവും തെരഞ്ഞെടുക്കുന്നത് അവന്‍ തന്നെയാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മാമാങ്കം സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മാമാങ്കം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം താന്‍ അഭിനയിക്കുന്ന കളരി പശ്ചാത്തലമുള്ള ചിത്രമാണ് മാമാങ്കമെന്നും മമ്മൂട്ടി പറയുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളേയും വി.എഫ്എക്‌സിനേയും അധികം ആശ്രയിക്കാതെ പരമാവധി റിയാലിറ്റിയില്‍ നിന്നുകൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.