| Saturday, 25th April 2026, 5:27 pm

നരസിംഹത്തിലേത് പോലെ ഒറ്റത്തവണ വന്നുപോകുന്ന ഫ്രണ്ട്ഷിപ്പല്ല പേട്രിയറ്റില്‍, കൂടുതലൊന്നും പറയുന്നില്ല: മമ്മൂട്ടി

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിന്റെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് പേട്രിയറ്റിന്റെ ഹൈപ്പ് ഫാക്ടര്‍. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

മാലിക്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണനാണ് പേട്രിയറ്റിന്റെ സംവിധായകന്‍. അനൗണ്‍സ്‌മെന്റിന്റെ സമയത്തുണ്ടായിരുന്ന ഹൈപ്പ് പിന്നീട് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെങ്കിലും ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടി Photo: Screen grab/ Mathrubhumi news

മാസ് മൊമന്റുകള്‍ പ്രതീക്ഷിക്കേണ്ട സിനിമയല്ല ഇതെന്ന് മമ്മൂട്ടി പറയുന്നു. കണ്ടന്റിനും കഥാപാത്രങ്ങള്‍ക്കുമാണ് പ്രാധാന്യമെന്നും അത് മനസിലാക്കിയാണ് സിനിമയെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സെലിബ്രേഷനൊക്കെ പ്രതീക്ഷിച്ച് പോയാലും ആദ്യത്തെ കുറച്ച് സമയം കഴിഞ്ഞാല്‍ അതൊക്കെ മാറിക്കോളും. പിന്നീട് കഥാപാത്രങ്ങള്‍ക്കൊപ്പവും കഥക്കൊപ്പവും പൊയ്‌ക്കോളും. അതാണ് ഈ സിനിമയുടെ പ്രത്യേകത. അതിനിടയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ചില കാര്യങ്ങള്‍ ഉണ്ടായേക്കും. കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സിനാണ് ഈ സിനിമയില്‍ കൈയടി കിട്ടുക.

നരസിംഹത്തിലെ ഫ്രണ്ട്ഷിപ്പ് പോലെയല്ല ഈ സിനിമയില്‍. നരസിംഹത്തില്‍ ഒറ്റത്തവണ വന്നുപോകുന്ന തരത്തിലുള്ള ഫ്രണ്ട്ഷിപ്പല്ല ഇതില്‍. കുറച്ചധികം കാര്യങ്ങളിലും ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. സിനിമ കണ്ട് തന്നെ വേണം അതൊക്കെ മനസിലാക്കാന്‍,’ മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വന്‍ താരനിരയാണ് പേട്രിയറ്റില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രാജീവ് മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നയന്‍താര, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. മെയ് ഒന്നിന് പേട്രിയറ്റ് തിയേറ്ററുകളിലെത്തും.

Content Highlight: Mammootty about his combination scenes with Mohanlal in Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more