| Monday, 1st December 2025, 11:50 am

എനിക്ക് വേണ്ടി കഥയെഴുതുമ്പോള്‍ ഒരിക്കലും എന്നെ മനസില്‍ കണ്ടുകൊണ്ട് എഴുതരുത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളങ്കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മമ്മൂട്ടി നല്കിയ അഭിമുഖമാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം. വലിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടി നല്കിയ അഭിമുഖത്തിന്റെ പല ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയായിരുന്നു അഭിമുഖത്തിന്റെ അവതാരക.

Mammootty/ Screen grab/ Mammootty Kampany

സിനിമയെക്കുറിച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു തിരക്കഥ ഒരുക്കുകയാണെങ്കില്‍ അതില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന അവതാരകയുടെ ചോദ്യത്തിന് താരം നല്കിയ മറുപടി ഇതിനോടകം പലരും ഏറ്റെടുത്തു.

‘എനിക്ക് വേണ്ടി കഥയെഴുതുമ്പോള്‍ ഒരിക്കലും എന്നെ മനസില്‍ കണ്ടുകൊണ്ട് എഴുതരുത്. അങ്ങനെ ചെയ്താല്‍ ആ കഥാപാത്രം ഞാനായിപ്പോകും. ആ കഥാപാത്രം എന്താണോ അതിനെ അതുപോലെ എഴുതുക. എങ്കില്‍ മാത്രമേ എനിക്ക് ആ കഥാപാത്രത്തെ കൃത്യമായി ക്യാപ്ചര്‍ ചെയ്യാനാകുള്ളു. അല്ലാത്തപക്ഷം അത് മമ്മൂട്ടിയായി നില്ക്കും.

നിങ്ങളുടെ മനസില്‍ കഥാപാത്രത്തിന് എന്തൊക്കെ പ്രത്യേകതകളാണോ ഉള്ളത് അതിനെ കൃത്യമായി പകര്‍ത്തുക. അങ്ങനെ ചെയ്യുമ്പോള്‍ ഈ കാണുന്നതുപോലെ വ്യത്യസ്തമായ കാര്യങ്ങള്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റും. അതാണല്ലോ ഏറ്റവും നല്ലത്’ മമ്മൂട്ടി പറയുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സയനൈഡ് മോഹന്റെ കഥയാണോ ഇതെന്ന ചോദ്യത്തോട് ചിത്രത്തിലെ കഥാപാത്രം സയനൈഡ് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ സയനൈഡ് മോഹന്റെ കഥയല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. കളങ്കാവല്‍ എന്ന ടൈറ്റിലിനെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. തെക്കന്‍ കേരളത്തിലെ ഒരു ആചാരമാണ് കളങ്കാവലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ദാരികന്റെ തലയെടുക്കാന്‍ വരുന്ന ഭദ്രകാളിക്ക് വേണ്ടി തെക്കന്‍ കേരളത്തില്‍ നടത്തുന്ന ആചാരമാണ് കളങ്കാവല്‍. പണ്ടുമുതലേ പലയിടത്തും ഇങ്ങനെയൊരു ആചാരം നടക്കുന്നുണ്ട്. ഈ പടത്തിലേക്ക് നോക്കിയാല്‍ ഇതിലും ഒരു ദാരികനുണ്ട്. അയാളെ പിടിക്കാന്‍ നോക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥയെന്ന് വേണമെങ്കില്‍ പറയാം’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty about his characters and Kalamkaval movie

We use cookies to give you the best possible experience. Learn more