തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. അതിജീവിതയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇ-മെയില്‍ മുഖേന മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കുമാണ് പരാതി കൈമാറിയിരുന്നത്. രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
രാഹുലിന്റെ ഇടപെടല്‍ മൂലം വലിയ നാശനഷ്ടമാണ് താന്‍ നേരിട്ടതെന്നും വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും സാഹചര്യം മുതലാക്കി രാഹുല്‍ തന്റെ ഭാര്യയെ വശീകരിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
തന്റെ അസാന്നിധ്യം രാഹുല്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് അതിജീവിതയുടെ ഭര്‍ത്താവ് പറയുന്നത്. കുഞ്ഞിന്റെ പിതൃത്വം തന്റെമേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ഗർഭഛിദ്ര പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് നിലവിലെ പരാതിക്കാരന്‍.
നിലവില്‍ രണ്ട് ലൈംഗിക ആരോപണ കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുന്നത്. 2025 നവംബര്‍ 27നാണ് രാഹുലിനെതിരെ ആദ്യ ലൈംഗിക പീഡന പരാതി ഉയര്‍ന്നത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലാക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയാണ് ചെയ്തത്. രാഹുലിന്റെ അറസ്റ്റും തടഞ്ഞിരുന്നു.
പിന്നാലെയാണ് രാഹുലിനെതിരെ രണ്ടാമത്തെ പീഡന പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുകയും അന്വേഷണത്തിനായി എസ്.ഐ.ടിയെ രൂപീകരിക്കുകയും ചെയ്തു.
ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ബലാത്സംഗക്കേസില്‍ വിചാരണക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. രാഹുലിനെതിരായ ഈ രണ്ട് കേസുകളും ജനുവരിയിൽ പരിഗണിക്കും.
Content Highlight: Mamkootathil in trouble again; Survivor’s husband files complaint