| Wednesday, 22nd April 2026, 2:47 pm

സിനിമ എന്ന് പറഞ്ഞാൽ എനിക്കെന്റെ കുഞ്ഞിനെ പോലെ; ഒരുപാട് പേരുടെ കഷ്ടപ്പാടും കഠിനാധ്വാനവുമാണ് പാഴായത്: മമിത ബൈജു

നന്ദന എം.സി

മലയാള സിനിമയിൽ നിന്നാരംഭിച്ച് തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ യുവ നടിയാണ് മമിത ബൈജു. 2017ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് താരം കടന്നുവന്നത്. പിന്നാലെ സൂപ്പർ ശരണ്യയിലെ സോന എന്ന ശ്രദ്ധേയമായ കഥാപാത്രവും പ്രേമലുയിലെ റീനുവും മമിതയെ യുവപ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.

മമിത ബൈജു, Photo: YouTube/ Screengrab

ഇപ്പോൾ, തന്റെ സിനിമാജീവിതത്തെക്കുറിച്ചും വിജയ് നായകനാകുന്ന ജനനായകൻ ചിത്രത്തിന്റെ ലീക്കിനെച്ചൊല്ലിയ വിവാദങ്ങളെയും കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിലാണ് മമിതയുടെ പ്രതികരണം.

‘സിനിമ എന്ന് പറഞ്ഞാൽ എനിക്ക് രാവിലെ വന്ന് അഭിനയിച്ച് തിരിച്ച് പോകുന്നതല്ല. സിനിമയുടെ എല്ലാം ഇഷ്ടമാണ്. ഒരു സിനിമ എന്നത് സംവിധായകന്റെ കുഞ്ഞാണ്. ഞാനും അങ്ങനെ തന്നെയാണ് നോക്കി കാണുന്നത്.

മമിത ബൈജു, Photo: Mamitha Baiju/ Facebook

സിനിമയുടെ എല്ലാം അറിയണം എന്നാണ് ആഗ്രഹം. ഡയറക്ടറുടെ കണ്ടീഷൻ എന്താണ്, അവർ എന്താണ് എക്സ്പെക്ട് ചെയ്യുന്നത് എന്നെല്ലാം എനിക്ക് അറിയണം. അത് എന്നെ ഹെൽപ്പ് ചെയ്യും. ഒരു സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ പഠിക്കണം, അതിലെ ചെറിയ ചെറിയ വിഷയങ്ങൾ മനസിലാക്കാൻ വരെ എനിക്കിഷ്ടമാണ്,’ മമിത ബൈജു പറഞ്ഞു.

വിജയ് നായകനായെത്തിയ ജനനായകൻ ചിത്രത്തിൽ താരം പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതുവരെ തിയേറ്ററിൽ റിലീസാകാത്ത ഈ ചിത്രത്തിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു അതിനെക്കുറിച്ചും താരം പ്രതികരിച്ചു.

ജനനായകൻ, Photo: IMDb

‘ജനനായകൻ ലീക്ക് ആയത് വളരെ നിരാശാജനകമാണ്, വളരെ വേദനാജനകമാണ്. ഒരുപാട് പേരുടെ സ്വപ്നങ്ങളും കഠിനാധ്വാനവും പാഴാക്കാൻ പാടില്ലല്ലോ. ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. അതുപോലെ തന്നെ സോഷ്യൽ മീഡിയ പൂർണമായും വിശ്വസിക്കാനും കഴിയില്ല. എന്റെ സഹോദരനാണ് ആദ്യം എന്നെ ഇക്കാര്യം അറിയിച്ചത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി,’ മമിത കൂട്ടിച്ചേർത്തു.

കര യാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന അടുത്ത ചിത്രം. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് കര എന്ന തമിഴ് ചിത്രത്തിൽ മമിത എത്തുന്നത്. ധനുഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് രാജയാണ്. മലയാളത്തിൽനിന്ന് മമിതയെ കൂടാതെ, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു.

Content Highlight: Mamitha baiju  talks about Vijay’s Jana Nayakan leak

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more