| Tuesday, 17th February 2026, 11:01 pm

പറഞ്ഞ കാര്യം വിജയ് സാറിന് ഓര്‍മയുണ്ടാകും; സാല്‍മണ്‍ കഴിച്ചോ എന്ന് ഞാന്‍ ഇടക്കിടെ ചോദിക്കുമായിരുന്നു: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ മമിത ബൈജു ഇപ്പോള്‍ സൗത്ത് ഇന്ത്യയൊട്ടാകെ തരംഗമാകുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെ തലവര മാറിയ മമിത ഇപ്പോള്‍ തമിഴ് നാട്ടില്‍ സെന്‍സേഷണലാണ്.

പ്രദീപ് രംഗനാഥന്‍ ചിത്രം ഡ്യൂഡില്‍ നായികയായെത്തിയ മമിതയുടെ വരാനിരിക്കുന്ന തമിഴ് പ്രൊജക്ടുകളാണ് ജനനായകന്‍, സൂര്യ 46. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് റിലീസ് പ്രതിസന്ധിയിലായ ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള വിജയ് ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു ചിത്രത്തിന്.

photo:vijay and mamitha / pinkvilla

ജനുവരി 9ന് റിലീസാകേണ്ടിയിരുന്ന ചിത്രം ഇതുവരെയും തിയേറ്ററുകളിലെത്തിയിട്ടല്ല. ഇപ്പോള്‍ ജെ. എഫ്. ഡബ്ല്യൂ അവാര്‍ഡ്സില്‍ മമിത വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിജയ് വളരെ കൃത്യനിഷ്ഠതയുള്ളയാളാണെന്ന് നടി പറയുന്നു.

‘വിജയ് സാറെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം വളരെ പങ്ച്ച്വലാണ്, സെറ്റിലൊക്കെ കൃത്യസമയത്ത് വരും. പിന്നെ നല്ല സ്വീറ്റാണ്, എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ നമ്മള്‍ സാറിനോട് പറഞ്ഞാല്‍ പോലും അത് നല്ല ഓര്‍മയുണ്ടാകും.

ഒരു രണ്ട് മാസം കഴിഞ്ഞാണ് ഞാന്‍ വിജയ് സാറിനെ കാണുന്നതെങ്കിലും ഞാന്‍ ഷെയര്‍ ചെയ്ത കാര്യങ്ങളൊക്കെ അദ്ദേഹം എന്നോട് ഇങ്ങോട്ട് ചോദിക്കും. ഞാന്‍ എന്നാല്‍ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വേഗം മറക്കും. അത് ഞാന്‍ വിജയ് സാറില്‍ കണ്ട ഒരു വലിയ ക്വാളിറ്റിയാണ്. വിജയ് സാറിന്റെ ഇഷ്ട ഭക്ഷണങ്ങളൊക്കെ എനിക്കറിയാം,’ മമിത പറയുന്നു.

ഉച്ച ഭക്ഷണത്തിന് അദ്ദേഹം എപ്പോഴും സാല്‍മണ്‍ കഴിക്കുമെന്നും സാല്‍മണ്‍ കഴിച്ചോ സാര്‍ എന്ന് താന്‍ ഇടക്കിടെ ചോദിക്കുമായിരുന്നുവെന്നും മമിത പറഞ്ഞു. ഞാന്‍ കഴിച്ചുവെന്ന മറുപടി വിജയുടെ അടുത്ത് നിന്ന് എപ്പോഴും വരമെന്നും നടി കൂട്ടിച്ചേര്‍ത്തു. സൂര്യയുടെ കൂടെയും തനിക്ക് സെറ്റില്‍ നല്ല എക്സ്പീരിയന്‍സായിരുന്നുവെന്നും സൂര്യ വളരെ ഫണ്ണിയാണെന്നും മമിത കൂട്ടിച്ചേര്‍ത്തു.

കോടതിയെ സമീപിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ ജനനായകന്റെ നിര്‍മാതാക്കള്‍ കേസ് പിന്‍വലിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ചിത്രം സമര്‍പ്പിച്ചിരിക്കുകയാണ്. സിനിമ ഏപ്രില്‍ 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന സിനിമ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.

Content Highlight:   Mamitha baiju  talks about  vijay

We use cookies to give you the best possible experience. Learn more