| Friday, 14th August 2026, 5:13 pm

ഞാൻ അഭിനയം തുടങ്ങിയ സമയത്ത് 'ഇവളിത് എന്ത് ഭാവിച്ചാ' എന്ന തരത്തിലുള്ള സംസാരങ്ങൾ കുടുംബത്തിലുണ്ടായിരുന്നു: മമിത ബൈജു

നന്ദന. ടി

തന്റെ വേറിട്ട അഭിനയശൈലി കൊണ്ട് മലയാളം, തമിഴ് സിനിമാപ്രേമികൾക്ക് ഒരുപോലെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. മലയാളത്തിൽ സർവോപരി പാലക്കാരൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം, പിന്നീട് ഖോ ഖോ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എന്നാൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലുവിലെ റീനു എന്ന കഥാപാത്രമാണ് മമിതയുടെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറിയത്.

റിബൽ, ഡ്യൂഡ്  തുടങ്ങിയ ചിത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തമിഴിലും തന്റേതായ ഒരു ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ മമിതയ്ക്ക് സാധിച്ചു. തുടർന്ന് ധനുഷ് ചിത്രമായ കര, ദളപതി വിജയ്‌യുടെ ജനനായകൻ, സൂര്യയുടെ വിശ്വനാഥ് & സൺസ് തുടങ്ങി ചിത്രങ്ങളിൽ നായികയായും പ്രധാന വേഷങ്ങളിലും തിളങ്ങി തെന്നിന്ത്യയിൽ സജീവമാകുകയാണ് താരം. ഇപ്പോഴിതാ രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് മമിത.

മമിത ബൈജു. Photo. Screen grab/ Youtube

മറ്റൊരാളോട് അഭിമാനത്തോടെ പറയാൻ പറ്റുന്ന, ജീവിതത്തിൽ ഒരുപാട് ഓർമകളുള്ള കാലഘട്ടമായിരുന്നു സിനിമയിലെ തന്റെ തുടക്കകാലമെന്ന് മമിത തുറന്നുപറയുന്നു.

‘സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയം എന്ന് പറയുന്നത് ജീവിതത്തിലെ വളരെ ഇന്ററസ്റ്റിംങ് ആയിട്ടുള്ള ഒരു കാലഘട്ടമായിരുന്നു. കാരണം ആ ജേർണി എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്കറിയില്ല. അറ്റം കാണാൻ പറ്റാത്ത ഒരു ടണലിന്റെ ഉള്ളിലൂടെ പോയിക്കൊണ്ടിരിക്കുന്ന ഒരു ഫേസ് ആയിരുന്നു അത്.

കുറച്ച് ഓവർവെൽമിംങ്ങും അതുപോലെ ഒരുപാട് സംശയങ്ങളുമൊക്കെ ഉള്ള ഒരു സമയമാണത്. ഒരുപക്ഷെ മുന്നിൽ ഒരു വെളിച്ചം കാണും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുന്ന ഒരു സമയമായിരുന്നു. ഒരുപക്ഷെ എന്റെ ഇപ്പോഴത്തെ ഫേസിനേക്കാളും ഓർത്തിരിക്കാൻ പറ്റുന്ന, നാളെ ആരോടെങ്കിലും വളരെ അഭിമാനത്തോടെ പറയാൻ പറ്റുന്ന എന്റെ ജീവിതത്തിലെ ഒരു കാലഘട്ടമായിരുന്നു അത്,’ മമിത പറഞ്ഞു.

ആ കാലത്ത് ജീവിതത്തിൽ നല്ല അവസരങ്ങൾ വന്നുചേരുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം എന്തായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിനും മമിത മറുപടി നൽകി.

‘മറ്റ് എക്സ്റ്റേണൽ ഫാക്ടറുകൾ ഒന്നും അവിടെയില്ലായിരുന്നു. ആ ഒരു സമയത്ത് ഞാൻ തന്നെയായിരുന്നു എനിക്ക് കരുത്ത് നൽകിയത്. കാരണം നമ്മുടെ ഫ്രണ്ട്സും ഫാമിലിയുമൊക്കെ കൂടെനിന്ന് ഞങ്ങളുണ്ട് എന്നൊക്കെ പറയുമ്പോഴും, ആദ്യത്തെ സ്റ്റെപ്പ് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ വരണം. എന്തുവന്നാലും ഞാൻ മുന്നോട്ട് പോകും എന്നൊരു തീരുമാനം എടുക്കണം,’ നടി പറഞ്ഞു.

സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച് കുടുംബത്തിൽ നിന്നുള്ള പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിനും മമിത മറുപടി നൽകി.

‘ഞാൻ സിനിമയിലേക്കാണെന്ന് മനസിലായപ്പോൾ തീർച്ചയായും അച്ഛനും അമ്മയ്ക്കുമൊക്കെ ഒരു ഡൗട്ട് ഉണ്ടായിരുന്നു. പക്ഷെ അത് അവർ പുറത്തുകാണിച്ചിരുന്നില്ല. കാരണം അവർക്ക് ഒരു ഐഡിയയുമില്ലാത്ത ഒരു ഇൻഡസ്ട്രിയിലേക്കാണ് ഞാൻ ചെല്ലുന്നത്. ആരെയും പരിചയമില്ല, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.

ഇവൾ എങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്ത് ഭാവിച്ചാ എന്നൊക്കെയുള്ള ടോക്കുകൾ എന്റെ ഫാമിലി ഡിസ്കഷന്റെ ഇടയിൽ ഉണ്ടായിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞിട്ടുണ്ട്,’ മമിത ബൈജു കൂട്ടിച്ചേർത്തു.

മമിത ബൈജു. Photo. Screen grab/ Youtube

Content Highlight: Mamitha Baiju talks about the beginning of her career

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more