| Friday, 28th November 2025, 4:01 pm

ഓരോ ഇന്‍ഡസ്ട്രിയിലും നില്‍ക്കേണ്ട രീതി വ്യത്യസ്തമാണ്, ഇത് മനസ്സിലാക്കിയാലേ അവിടെ നിലനില്‍ക്കാന്‍ പറ്റുകയുള്ളൂ : മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നത്തെ കാലത്ത് വിവിധ ഇന്‍ഡസ്ട്രികളില്‍ നിലനില്‍ക്കുന്നതിനുള്ള രീതി വ്യത്യസ്തമാണെന്നും ഇത് മനസ്സിലാക്കിയാല്‍ മാത്രമേ സിനിമ മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും നടി മമിത ബൈജു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘പ്രേമലുവിന്റെ വിജയത്തിനു ശേഷം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. പ്രേമലു ചെയ്യുന്നതു വരെ നല്ല സിനിമകള്‍ ചെയ്യണം, മികച്ച കഥാപാത്രങ്ങള്‍ ചെയ്യണം എന്ന ഒരു ചിന്ത മാത്രമാണുണ്ടായിരുന്നത്. പക്ഷേ ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം ഇതില്‍ മാറ്റം വന്നു. പ്രേക്ഷകരില്‍ നിന്നും കിട്ടുന്ന പ്രശംസയായാലും, വിമര്‍ശനമായാലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചു.

Mamitha Baiju photo/ money control

ആദ്യത്തെക്കാളും കൂടുതല്‍ ആളുകളെ നമുക്കറിയാം അപ്പോള്‍ അവരുടെ അടുത്ത് ഇടപെടേണ്ട രീതി വ്യത്യസ്തമാണ്. ഇതുപോലെ തന്നെയാണ് വിവിധ ഇന്‍ഡസ്ട്രികളില്‍ നിലനില്‍ക്കേണ്ട രീതിയും. ഇന്‍ഡസ്ട്രിയില്‍ നമ്മള്‍ എങ്ങനെയാണ് ചിത്രീകരിക്കപ്പെടേണ്ടതെന്നും നമ്മള്‍ ചെയ്യുന്ന കഥാപാത്രം എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ചിത്രീകരിക്കപ്പെടേണ്ടതെന്നുമുള്ള ധാരണ നമുക്കുണ്ടാവണം. ഒരു പടം കിട്ടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കാന്‍, ചുരുക്കി പറഞ്ഞാല്‍ ഇപ്പോഴുള്ള ശ്രമം നിലനില്‍പ്പിന് വേണ്ടിയാണ്’ മമിത പറയുന്നു.

കീര്‍ത്തീശ്വരന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ തമിഴ് ചിത്രം ‘ഡ്യൂഡ്’ ആണ് മമിതയുടെ എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സായി അഭയങ്കാര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ മമിതയുടെ നൃത്തരംഗങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രം നവംബര്‍ 14 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റീലീസ് ചെയ്തിരുന്നു.

mamitha baiju photo/ 4k wallpaper

കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളില്‍ തന്നെ 4.8 മില്ല്യണ്‍ കാഴ്ച്ചക്കാരെയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമായ ഡ്യൂഡ് തിയ്യേറ്ററുകളില്‍ നിന്നും മാത്രം 112 കോടിയോളം നേടിയിരുന്നു.

അതേ സമയം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ ‘പ്രേമലു’ ആണ് മമിതയുടെ അവസാന മലയാള ചിത്രം. നസ്ലിന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മാത്യൂ തോമസ്, ശ്യാം മോഹന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തെന്നിന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.

Content Highlight: mamitha baiju talks about how to survive in film industry

We use cookies to give you the best possible experience. Learn more