| Thursday, 9th April 2026, 10:13 pm

റിയല്‍ ലൈഫില്‍ എനിക്ക് കുറച്ചെങ്കിലും സാമ്യം തോന്നുന്നത് റീനുവിനോട്; അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് മമിത ബൈജു

അശ്വിന്‍ രാജേന്ദ്രന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയാകെ സെന്‍സേഷനായി മാറിയ അഭിനേത്രിയാണ് മമിത ബൈജു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം സൂപ്പര്‍ ശരണ്യ, പ്രേമലു, ഡ്യൂഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സജീവമായ മമിതയുടെതായി തമിഴില്‍ വമ്പന്‍ പ്രൊജക്ടുകളാണ് റിലീസിന് ഒരുങ്ങുന്നത്.

മമിത ബൈജു. Photo: X.com

ഇതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ധനുഷിനെ നായകനാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കര. ചിത്രത്തില്‍ ധനുഷിന്റെ നായികയായ സെല്ലി എന്ന കഥാപാത്രമായാണ് മമിത വേഷമിടുന്നത്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകളില്‍ സെല്ലിയായുള്ള മമിതയുടെ ലുക്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ചും ധനുഷിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും മമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ധനുഷ് സാറിന്റെ അഭിനയത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്‍ മുന്‍ ചിത്രങ്ങളിലെ അഭിനയവും ഡയലോഗ് പറയുന്ന രീതികളുമെല്ലാം ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഒരു അഭിനേത്രി എന്ന നിലയില്‍ ഇതില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കരയില്‍ അദ്ദേഹത്തോടൊപ്പം ഒരു സഹതാരമായി അഭിനയിക്കുമ്പോള്‍ ഒരു ആക്ടിങ് ക്ലാസ് അറ്റെന്‍ഡ് ചെയ്യുന്ന പോലെയാണ് തോന്നിയിട്ടുളളത്.

ചിത്രത്തിലെ സെല്ലി എന്ന കഥാപാത്രം ഇതിന് മുമ്പ് ചെയ്ത പ്രേമലുവിലെ റീനുവില്‍ നിന്നും ഡ്യൂഡിലെ കുറലില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. ആദ്യമായാണ് ഒരു ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയെ ഞാന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രങ്ങളെല്ലാം എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണെങ്കിലും അല്പമെങ്കിലും സാദൃശ്യമുള്ളത് പ്രേമലുവിലെ റീനുവിനോടാണ്,’ മമിത പറഞ്ഞു.

കര. Photo: X.com

ധനുഷിനൊപ്പമുള്ള ചിത്രത്തിന് പുറമെ വിജയ് നായകനാകുന്ന ജനനായകനില്‍ താരത്തിന്റെ സഹോദരിയായും സൂര്യ നായകനാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സില്‍ നായികയായും മമിത വേഷമിടുന്നുണ്ട്. അതേസമയം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ് മമിതയുടെ വരാനിരിക്കുന്ന മലയാളം ചിത്രങ്ങളിലൊന്ന്.

Content Highlight: Mamitha Baiju talks about her characters and Dhanush

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more