പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയാകെ തരംഗമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് മമിതയെ തേടി എത്തുന്നത്. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ തമിഴിലെ മുന്‍നിര താരങ്ങളുടെ സിനിമയിലെല്ലാം മമിത ബൈജു ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
ജി.വി. പ്രകാശ് നായകനായ റിബല്‍ എന്ന സിനിമയിലൂടെയാണ് മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ജി.വി. പ്രകാശിനെ കുറിച്ച് സംസാരിക്കുകയാണ് നടി. ജി. വി. പ്രകാശിന്റെ വലിയൊരു ആരാധികയാണ് താനെന്ന് മമിത പറയുന്നു. അദ്ദേഹത്തിന്റെ മ്യൂസിക്കും വളരെ ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ മ്യൂസിക് എനിക്ക് വളരെയധികം ഇഷ്ടമാണ്. എടുത്ത് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ഇമോഷണല്‍ സോങ്സ്, ബി.ജി.എം എന്നിവ ഒരുപാട് ഇഷ്ടമാണ്. വളരെ ഡീപ്പായി പറയുകയാണെങ്കില്‍ ധനുഷിന്റെ ‘മയക്കം എന്ന’ സിനിമയിലെ ‘പിറൈ തേടും ഇരവിലേ’ എന്ന ഗാനം. അത് എന്റെ ഓള്‍ടൈം ഫേവറിറ്റാണ്. ‘തൃഷാ ഇല്ലേനാ നയന്‍താര’ എന്ന സിനിമയില്‍ അദ്ദേഹം നായിക ആനന്ദിയെ നോക്കുമ്പോള്‍ ഒരു ബി.ജി.എം വരും. ആ മ്യൂസിക് കേള്‍ക്കാന്‍ വേണ്ടി മാത്രം ആ സീന്‍ ഞാന്‍ പലതവണ റിപ്പീറ്റ് ചെയ്ത് നോക്കിയിട്ടുണ്ട്,’ മമിത ബൈജു പറയുന്നു.
ജി.വി. പ്രകാശ് സംഗീതസംവിധാനം നിര്‍വഹിച്ച് അഭിനയിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ആ സിനിമയുടെ ഷൂട്ടിന് മുമ്പുതന്നെ ജി. വി. പ്രകാശിനെ അറിയാമെന്നും മമിത പറഞ്ഞു. റിബലിന്റെ ഷൂട്ടിങ്ങിനായി ആദ്യ ദിവസം പോയപ്പോള്‍ ജി. വി. പ്രകാശിനെ കണ്ട് താന്‍ നെര്‍വസായെന്നും മിണ്ടാതിരുന്നെന്നും മമിത കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം എന്റെയടുത്ത് വന്ന് എന്നെ കംഫര്‍ട്ടബിളാക്കി മാറ്റി. എന്നെ മാത്രമല്ല ഒപ്പം അഭിനയിക്കുന്ന എല്ലാ നടീനടന്മാരെയും അദ്ദേഹം അങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്. വളരെ നല്ല വ്യക്തിയാണ്. സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കുന്ന രീതിയും എനിക്കിഷ്ടമാണ്,’ മമിത ബൈജു പറഞ്ഞു.
Content Highlight: Mamitha Baiju Talks About GV Prakash