| Sunday, 16th August 2026, 8:34 am

സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ തുടക്കത്തിൽ ഞാൻ കുറച്ച് പ്രശ്നക്കാരിയായിരുന്നു: മമിത ബൈജു

നന്ദന. ടി

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജനനായകൻ വിശ്വനാഥൻ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം.

രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രം ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് മമിത.

മമിത ബൈജു. Photo. X.com

ഗിരീഷ് എ ഡിയുടെ സിനിമ ചെയുക എന്ന ആഗ്രഹത്തോടെയാണ് സൂപ്പർ ശരണ്യയിൽ അഭിനയിക്കാൻ ചെന്നതെന്നും എന്നാൽ തുടക്കത്തിൽ ഭാഷ അടക്കം ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും പറയുകയാണ് മമിത.

‘ഗിരീഷേട്ടന്റെ ഒരു സിനിമയിൽ അഭിനയിക്കുക, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേക്കിംങ് രീതികൾ എങ്ങനെയാണെന്ന് അറിയുക എന്നൊക്കെ ഉള്ള ആഗ്രഹത്തോടെയാണ് ഞാൻ സൂപ്പർ ശരണ്യ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കസമയത്ത് ഞാൻ കുറച്ച് പ്രശ്നക്കാരിയായിരുന്നു.

കാരണം അതുവരെ ഞാൻ ചെയ്ത കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായിരുന്നു സോന, ഈ റോൾ കുറച്ചു കുടി റെസ്പോൺസിബിൾ ആയിരുന്നു. പിന്നെ ഭാഷയും ഒരു പ്രശ്നമായിരുന്നു. ഞാൻ കോട്ടയംകാരിയാണ്, പക്ഷെ കഥാപാത്രം കൊച്ചി സ്ലാങ് പറയേണ്ടതുകൊണ്ട് കോട്ടയം ഭാഷ മാറ്റി കൊച്ചി സ്ലാങ്ങിലേക്ക് ആക്കേണ്ടതുണ്ടായിരുന്നു,’ മമിത പറഞ്ഞു.

സൂപ്പർ ശരണ്യയിൽ അഭിനയിക്കുമ്പോൾ വളരെ ചെറുപ്പമായതുകൊണ്ട് പ്രായത്തിന്റേതായ ചില പക്വത കുറവുകൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഷൂട്ട് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തനിക്ക് സോനയുടെ കഥാപാത്രത്തിന് വേണ്ട മീറ്റർ പിടിച്ചെടുക്കാൻ സാധിച്ചുവെന്നും മമിത വ്യക്തമാക്കി.

‘ആ സമയത്ത് എനിക്ക് ഒരു പതിനെട്ട് പത്തൊമ്പത് വയസേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുറുമ്പ് കുറച്ച് കൂടുതലായിരുന്നു. കാര്യങ്ങളിൽ ശ്രദ്ധ കുറച്ച് കുറവായിരുന്നു. എന്നാൽ ഒരു രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോൾ കാര്യങ്ങൾ മനസിലായി . തുടക്കത്തിൽ ഒക്കെ ഗിരീഷേട്ടൻ വന്ന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമായിരുന്നു. പിന്നീട് എനിക്ക് മനസിലായി ചേട്ടന് എന്റെ കഥാപാത്രം എങ്ങനെയാണ് വേണ്ടതെന്ന്, ആ മീറ്റർ എനിക്ക് പിടികിട്ടി. പിന്നെ ചേട്ടൻ തന്നെ നീ ചെയ്തോ, എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ പറഞ്ഞുതരാം എന്നായി,’ മമിത പറഞ്ഞു.

നിവിൻ പോളിയും മമിതയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന, ഓണം റിലീസായി എത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മമിത സംസാരിച്ചു.

‘സൂപ്പർ ശരണ്യയിൽ ഞാൻ അവതരിപ്പിച്ച സോനയോ അല്ലെങ്കിൽ പ്രേമലുവിലെ റീനുവോ ആവരുത് ബത്‌ലഹേം കുടുംബ യൂണിറ്റിലെ ആഷ്‌ലിൻ എന്ന കഥാപാത്രം എന്നാണ് എന്നോട് പറഞ്ഞിരുന്നത്. ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് ആ എന്ന കഥാപാത്രം വരുന്നത്. അപ്പോൾ ആ മീറ്റർ പിടിക്കാൻ ഗിരീഷേട്ടൻ പറഞ്ഞുതന്നിരുന്നു. ഏതൊരു അഭിനേതാവ് വന്നാലും അവരുടെ അഭിനയത്തിന്റെ മീറ്റർ പിടിക്കാൻ ഗിരീഷേട്ടന് നന്നായിട്ട് അറിയാം,’ മമിത പറഞ്ഞു.

സൂപ്പർ ശരണ്യ. Photo. IMDb

Content Highlight: Mamitha Baiju shares memories from super sharnya movie location

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more