തമിഴ് സിനിമാലോകം കുറച്ചുകാലമായി മിസ് ചെയ്ത പഴയ ചാമിങ് സൂര്യയെ തിരിച്ച് നല്‍കിയിരിക്കുകയാണ് വെങ്കി അട്‌ലൂരി. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം സൂര്യ നായകനായെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായൊരുക്കിയ ചിത്രം ആരാധകര്‍ക്ക് മികച്ച ട്രീറ്റാണ്.
സിനിമ കണ്ടിറങ്ങിയ പലരും ഒരുപോലെ പ്രശംസിക്കുന്നത് നായികയായ മമിതയെയാണ്. പ്രേമലുവിന് ശേഷം സൗത്ത് ഇന്ത്യന്‍ റീച്ച് നേടിയ മമിത സൂര്യയുടെ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ പലരും സംശയിച്ചിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസവും ടീസറിലും ട്രെയ്‌ലറിലുമുള്ള ‘ക്യൂട്ട്‌നെസ്സ് വിതറലും’ തിരിച്ചടിയാകുമെന്ന് പലരും മുന്‍വിധിയെഴുതി.
എന്നാല്‍ സിനിമയിലുടനീളം മമിത എന്ന പെര്‍ഫോമര്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ക്യൂട്ട്‌നെസ്സില്‍ നിന്ന് ഒരു പൊടിക്ക് മാറിയാല്‍ ക്രിഞ്ചാകേണ്ട കഥാപാത്രത്തെ മമിത ഹാന്‍ഡില്‍ ചെയ്ത രീതി എടുത്തുപറയേണ്ടതാണ്. ചെയ്യുന്ന കാര്യത്തിലെല്ലാം ഒരല്പം കിറുക്കുള്ള ആളായിട്ടാണ് മാഡിയെ സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നത്. സിനിമ മുന്നോട്ട് പോകുന്തോറും ആ കഥാപാത്രത്തിനുണ്ടാകുന്ന ട്രാന്‍സ്‌ഫോര്‍മേഷനെല്ലാം ഗംഭീരമാണ്.
സൂര്യയും മമിതയും തമ്മിലുള്ള കെമിസ്ട്രിയും എടുത്തുപറയണം. 26 വയസ് വ്യത്യാസമുണ്ടെങ്കിലും ഇരുവരെയും സ്‌ക്രീനില്‍ ജോഡികളായി കാണുമ്പോള്‍ ‘അയ്യേ ഫീല്‍’ ഒരിക്കലും തോന്നിയില്ല. ട്രെയ്‌ലറില്‍ കാണിച്ച ഇമോഷണല്‍ സീനില്‍ സൂര്യക്കൊപ്പം കട്ടക്ക് പിടിച്ചുനില്‍ക്കാന്‍ മമിതക്ക് സാധിച്ചിട്ടുണ്ട്.
സൂര്യ കഴിഞ്ഞാല്‍ മമിതക്ക് ഏറ്റവും സ്‌ക്രീന്‍ സ്‌പേസുള്ളത് രാധിക ശരത്കുമാറുമായിട്ടാണ്. ഒരേസമയം കോമഡിയും ഇമോഷനും സമാസമം ചേര്‍ത്ത സീനുകളായിരുന്നു ഇതൊക്കെ. ഒരിടത്തുപോലും ഓവറാക്കാതെ കറക്ട് മീറ്ററില്‍ രാധിക ശരത്കുമാറിനെ സൈഡാക്കി പെര്‍ഫോം ചെയ്യാനും മമിതക്ക് സാധിച്ചു. മമിതയുടെ കോമഡി ടൈമിങ്ങെല്ലാം അപാരമായിരുന്നു എന്നും എടുത്തുപറയണം.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഡ്യൂഡില്‍ മമിതയുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നെങ്കിലും ആ കഥാപാത്രത്തെ സംവിധായകന്‍ എഴുതിവെച്ച രീതി ഒരുപാട് വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ വിമര്‍ശിക്കാന്‍ യാതൊരു പഴുതും നല്‍കാതെയാണ് മമിത തകര്‍ക്കുന്നത്. ജന നായകനില്‍ ദളപതിയുടെ കൂടെ കട്ടക്ക് പിടിച്ചുനിന്ന് ഇപ്പോഴിതാ സൂര്യയുടെ കൂടെയും താരം തിളങ്ങിയിരിക്കുകയാണ്.
Content Highlight: Mamitha Baiju’s performance in Viswanath And Sons