| Friday, 24th July 2026, 7:29 am

നാളേ നാളേ എന്ന് പറഞ്ഞ് കളിയാക്കിയവര്‍ എന്ത്യേ? ദളപതി വരെ വിസിലടിച്ച ആക്ഷനും പെര്‍ഫോമന്‍സും... ജന നായകനിലെ സ്റ്റാറായി മമിത

അമര്‍നാഥ് എം.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് ചിത്രം ജന നായകന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഏഴ് മാസത്തോളം പെട്ടിയില്‍ കിടന്ന്, ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്ത ചിത്രത്തിന് സ്വപ്‌നതുല്യമായ വരവേല്പാണ് ആരാധകര്‍ നല്‍കിയത്. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് വിനോദ് ജന നായകന്‍ ഒരുക്കിയത്. അവസാന ചിത്രമാണെങ്കിലും സ്ഥിരം വിജയ് സിനിമകളില്‍ നിന്ന് ചില മാറ്റങ്ങള്‍ ജന നായകനിലുണ്ട്. അതിലൊന്നാണ് മലയാളി താരം മമിത ബൈജുവിന്റെ കാസ്റ്റിങ്.

പ്രേമലുവിന്റെ പ്രൊമോഷന്‍ സമയത്ത് വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം മമിത പങ്കുവെച്ചിരുന്നു. വിജയ്‌യുടെ അവസാന സിനിമയില്‍ അദ്ദേഹത്തോടൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കാനുള്ള വലിയ അവസരം താരത്തെ തേടിയെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ റിലീസിന് മുമ്പ് മമിതക്ക് നേരിടേണ്ടി വന്ന ട്രോളുകള്‍ ചെറുതല്ലായിരുന്നു. ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ മമിത പാടിയ പാട്ട് ട്രോള്‍ മെറ്റീരിയലായി മാറി.

വിജയ്‌യുടെ ഹിറ്റ് പാട്ടായ ‘നാളേ നാളേ നാളേ എന്‍ട്രി ഇന്‍ട്രേ ഇഴക്കാതെ’ ആയിരുന്നു മമിത പാടിയത്. ജന നായകന്റെ റിലീസ് മുടങ്ങിയപ്പോള്‍ മമിതയുടെ ‘നാളേ നാളേ’ ട്രോള്‍ മെറ്റീരിയലായി പലരും ഉപയോഗിച്ചു. എന്നാല്‍ അന്ന് ട്രോളിയവരെക്കൊണ്ട് കൈയടിപ്പിക്കുന്ന പ്രകടനമായിരുന്നു മമിതയുടേത്. ഒറിജിനല്‍ ചിത്രമായ ഭഗവന്ത് കേസരിയില്‍ ശ്രീലീല അവതരിപ്പിച്ച വേഷമാണ് ജന നായകനില്‍ മമിതയുടേത്.

വിജി എന്ന കഥാപാത്രം മമിത ഗംഭീരമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്തെ ട്രോമ കാരണം തന്റെ ഏറ്റവും വലിയ ആഗ്രഹമായ മിലിട്ടറി ട്രെയ്‌നിങ് നടത്താന്‍ കഴിയാത്ത കഥാപാത്രമാണ് വിജി. വളര്‍ത്തച്ഛനായ ദളപതി വിജിയുടെ ആഗ്രഹം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ ആ സ്വപ്‌നം ഉപേക്ഷിച്ച മട്ടാണ്. ആദ്യപകുതിയില്‍ സ്വല്പം ക്യൂട്ട്‌നെസ്സും പേടിയുമെല്ലാമായി ടിപ്പിക്കല്‍ റോളായിരുന്നു മമിതയുടേത്.

വിജയ്- മമിത കോമ്പോയുടെ ഫ്രഷ്‌നസ്സ് ഈ സീനുകളിലെല്ലാം കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ട്. സെക്കന്‍ഡ് ഹാഫിലാണ് മമിത കൂടുതല്‍ സ്‌കോര്‍ ചെയ്തത്. വിജയ്‌യുടെ കഥാപാത്രം തനിക്ക് ആരാണ് എന്ന് പറയുന്ന ഡയലോഗ് ശരിക്കും കണ്ണ് നനയിച്ചു. ക്ലൈമാക്‌സില്‍ ഗംഭീര ആക്ഷന്‍ സീക്വന്‍സും സംവിധായകന്‍ മമിതക്ക് നല്‍കിയിട്ടുണ്ട്. ഭഗവന്ത് കേസരിയില്‍ നിന്ന് ചില മാറ്റങ്ങള്‍ ഈ ഭാഗത്ത് വരുത്തിയിട്ടുണ്ട്.

സാക്ഷാല്‍ ദളപതി വരെ വിസിലടിക്കുന്ന തരത്തിലുള്ള ആക്ഷന്‍ സീനുകളായിരുന്നു മമിതയുടേത്. കരിയറില്‍ ആദ്യമായി ചെയ്ത ആക്ഷന്‍ സീന്‍ ഗംഭീരമാക്കാന്‍ മമിതക്ക് സാധിച്ചു. അന്ന് ട്രോളിയവര്‍ പോലും ഈ സീനില്‍ കൈയടിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. തമിഴില്‍ ലഭിച്ച ആദ്യ മാസ് റോള്‍ മമിതക്ക് നല്‍കാന്‍ പോകുന്ന ബൂസ്റ്റ് ചെറുതല്ല. അന്ന് സ്‌റ്റേജില്‍ പാടിയ പാട്ട് പോലെ ‘നാളേ നാളേ എന്‍ട്രി ഇന്‍ട്രേ ഇഴക്കാതെ, നീ ഇന്‍ട്രേ ഇഴക്കാതെ’

Content Highlight: Mamitha Baiju’s performance in Jana Nayagan getting appreciations

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more