വെറും രണ്ട് വര്‍ഷം കൊണ്ട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച മമിത പ്രേമലുവിലൂടെ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയായിരുന്നു. പ്രേമലുവിന് ശേഷം മമിതയെത്തേടി തമിഴില്‍ നിന്ന് വമ്പന്‍ പ്രൊജക്ടുകള്‍ എത്തുകയും ചെയ്തു.
വിജയ്‌യുടെ അവസാനചിത്രം ജന നായകന്‍, പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, സൂര്യക്കൊപ്പം വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ധനുഷിന്റെ കര, നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ സിനിമകളാണ് മമിതയുടേതായി അനൗണ്‍സ് ചെയ്തത്. ഇത്രയും വേഗത്തില്‍ തമിഴിലെ ടോപ് താരങ്ങള്‍ക്കൊപ്പം സ്‌ക്രീന് പങ്കിടാന്‍ അവസരം ലഭിച്ചതോടെ മമിതക്ക് ഹേറ്റര്‍മാരും ഉണ്ടായി.
ഓരോ സിനിമയുടെയും അപ്‌ഡേറ്റുകള്‍ വരുമ്പോഴും അതിലെല്ലാം മമിതയാകും നെഗറ്റീവെന്ന് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ജന നായകനില്‍ വിജയ്‌ക്കൊപ്പമുള്ള ആദ്യ ഗാനം പുറത്തുവന്നപ്പോള്‍ മമിത നെഗറ്റീവാകുമെന്ന് ഒരുകൂട്ടമാളുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ കാറ്റില്‍ പറത്തി ജന നായകനില്‍ മമിത നിറഞ്ഞുനിന്നു. ദളപതിക്കൊപ്പം ആടിയും പാടിയും ഫൈറ്റ് ചെയ്തും മമിത കൈയടി നേടി.
സൂര്യയുടെ നായികയായി മമിത എത്തുന്നു എന്ന് കേട്ടപ്പോള്‍ വീണ്ടും ഹേറ്റര്‍മാര്‍ രംഗത്തെത്തി. സൂര്യയെപ്പോലൊരു സീനിയര്‍ താരത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ മമിതക്ക് സാധിക്കില്ലെന്നായിരുന്നു ആദ്യത്തെ പ്രവചനം. ടീസറും ട്രെയ്‌ലറും പുറത്തുവന്നപ്പോള്‍ ‘ക്യൂട്ട്‌നെസ് കാണിക്കാന്‍’ വേണ്ടിയാകും മമിത എന്നും പ്രവചിച്ചു. എന്നാല്‍ ഈ സിനിമയിലും മമിത ഹേറ്റേഴ്‌സിന്റെ പ്രവചനം തെറ്റിച്ചു.
ഫീല്‍ഗുഡ് ഫാമിലി ഴോണറിലൊരുങ്ങിയ വിശ്വനാഥ് ആന്‍ഡ് സണ്‍സി പലപ്പോഴും താങ്ങിനിര്‍ത്തിയത് മമിതയായിരുന്നു. കോമഡി, ഇമോഷണല്‍, റൊമാന്‍സ് എന്നിങ്ങനെ എല്ലാം തന്നില്‍ ഭദ്രമാണെന്ന് മമിത തെളിയിച്ചു. ഏറ്റവുമൊടുവില്‍ ബെത്‌ലഹേം കുടുംബയൂണിറ്റിലും സ്ഥിതി വ്യത്യസ്തമല്ല. തന്നെക്കാള്‍ പ്രായമുള്ള നിവിനൊപ്പം അപാര കെമിസ്ട്രിയായിരുന്നു മമിതക്ക്.
ആഷ്‌ലി എന്ന കഥാപാത്രമായി മമിത നിറഞ്ഞുനില്‍ക്കുകയായിരുന്നു. പ്രേമലുവിലെ ബോള്‍ഡായ റീനുവില്‍ നിന്ന് ബെത്‌ലഹേമിലെ ആഷ്‌ലിയിലേക്കെത്തുമ്പോള്‍ മമിതയിലെ പെര്‍ഫോമര്‍ ഞെട്ടിച്ചെന്ന് തന്നെ പറായം.
പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് മമിതക്ക് തമിഴില്‍ നല്‍കിയ റീച്ച് ചെറുതല്ല. സംവിധായകന്‍ എഴുതിവെച്ചത് മോശം കഥാപാത്രമാണെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് മമിത ഗംഭീരമാക്കി. പ്രദീപിന്റെ 1080p വേര്‍ഷന്‍ ധനുഷിനൊപ്പം ചെയ്ത കര മാത്രമാണ് ലിസ്റ്റിലെ ഒരേയൊരു മോശം ചിത്രം. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ വെറും 20 മിനിറ്റ് സ്‌ക്രീന്‍ ടൈമായിരുന്നു മമിതക്ക് ഉണ്ടായിരുന്നത്.
ഓവര്‍നൈറ്റ് സക്‌സസ് തനിക്ക് ടെന്‍ഷന്‍ സമ്മാനിക്കാറുണ്ടെന്നും കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നുമുള്ള താരത്തിന്റെ തുറന്നുപറച്ചിലും കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. മലയാളത്തിലും അന്യഭാഷയിലും ഇനി മമി യുഗമായിരിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Mamitha Baiju’s performance after Premalu