| Friday, 17th October 2025, 6:54 pm

അമ്പാനേ അത് ഓഫ് ചെയ്യ്, വൈറലായി മമിതയുടെ ഫൗണ്ടൈന്‍ ഫയര്‍വര്‍ക്ക് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രം ഡ്യൂഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മമിത ബൈജു നടത്തിയ കോളേജ് വിസിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞദിവസം ആലുവ യു.സി കോളേജില്‍ താരം പ്രൊമോഷന് വേണ്ടി എത്തിയിരുന്നു. മമിതക്കൊപ്പം വിദ്യാര്‍ത്ഥികളില്‍ ചിലരും സ്റ്റേജില്‍ കയറി ആഘോഷിച്ചതോടെയാണ് സീന്‍ മാറിയത്.

ആഘോഷം കൊഴുപ്പിക്കാനായി പല സംഗതികളും സംഘാടകര്‍ ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ ഒരു ഫൗണ്ടൈന്‍ ഫയര്‍വര്‍ക്ക് (തോക്കിന്റെ രൂപത്തിലുള്ള പൂക്കുറ്റി) സംഘാടകരിലൊരാള്‍ മമിതക്ക് നല്‍കി. പെട്ടെന്ന് അങ്ങനെയൊരു സാധനം കൈയില്‍ കിട്ടിയ മമിത ടെന്‍ഷനായെങ്കിലും അത് ഉപയോഗിച്ചു. എന്നാല്‍ പിന്നീട് അതില്‍ നിന്ന് ധാരാളം തീപ്പൊരി വന്നത് താരത്തെ പരിഭ്രമിപ്പിച്ചു.

എത്ര ശ്രമിച്ചിട്ടും അത് ഓഫാകാത്തതുകൊണ്ട് സ്റ്റേജിന്റെ ഒരു വശത്തേക്ക് ഓടിപ്പോവുകയും താഴേക്ക് കാണിക്കുകയും ചെയ്തു. ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ചില സിനിമകളിലെ കോമഡി ഡയലോഗുകള്‍ മിക്‌സ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.

ആവേശം എന്ന സിനിമയില്‍ സജിന്‍ ഗോപു തോക്ക് ഉപയോഗിക്കുന്ന സീനിലെ ഡയലോഗ് ഈ വീഡിയോയുമായി മിക്‌സ് ചെയ്ത് ഒരാള്‍ വീഡിയോ പങ്കുവെച്ചു. ഇത് ഒരുപാട് പേജുകള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ വീഡിയോയെക്കാള്‍ രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്. ‘വെട്ടത്തില്‍ ജഗതി തോക്കെടുത്ത് വെടിവെക്കുന്ന സീന്‍ ഓര്‍മ വന്നു’ എന്നാണ് ഏറ്റവും ചിരിപ്പിച്ച കമന്റ്.

‘ഇത് ഓണ്‍ ചെയ്തവര്‍ക്ക് ഓഫ് ചെയ്തൂടെ’, ‘ഇപ്പോ പേടിച്ചേനെ’ എന്നിങ്ങനെ ധാരാളം കമന്റുകള്‍ ചിരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം സംഘാടകരെ വിമര്‍ശിച്ചുകൊണ്ടും ചില കമന്റുകളുണ്ട്. ‘ഒരുപാട് ആളുകളുള്ള സ്റ്റേജിലേക്ക് ഇത്തരം അപകടകരമായ വസ്തുക്കള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം’, ‘ചെറിയ അശ്രദ്ധ മതി അപകടമുണ്ടാകാന്‍’ എന്നിങ്ങനെയും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു.

പ്രേമലുവിന് ശേഷം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ മമിതയുടെ ഏറ്റവും പുതിയ ചിത്രമാണ് ഡ്യൂഡ്.ഡ്രാഗണ് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപാവലി പോലെ വലിയൊരു ഫെസ്റ്റിവല്‍ റിലീസായെത്തിയ ഡ്യൂഡ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തുന്നത്.

Content Highlight: Mamitha Baiju’s new video viral in social media

We use cookies to give you the best possible experience. Learn more