| Thursday, 20th August 2026, 4:45 pm

അഞ്ച് പടങ്ങളില്‍ നാലും 100 കോടി ക്ലബ്ബില്‍... മമിത ലേഡി സൂപ്പര്‍സ്റ്റാറെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

നിലവില്‍ സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് മമിത ബൈജു. ചെറിയ വേഷത്തിലൂടെ കരിയറാരംഭിച്ച മമിത ഇന്ന് തമിഴിലും മലയാളത്തിലും ഒരുപോലെ തിരക്കുള്ള താരമാണ്. പ്രേമലു എന്ന ഒരൊറ്റ സിനിമയിലൂടെ മമിതയുടെ കരിയര്‍ മാറിമറിയുകയായിരുന്നു. പിന്നാലെ തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും മമിതക്ക് സാധിച്ചു.

2024 മുതല്‍ മമിത നായികയായ അഞ്ചില്‍ നാല് സിനിമകളും റെക്കോഡ് കളക്ഷനാണ് നേടിയത്. വിജയ്, സൂര്യ, പ്രദീപ് രംഗനാഥന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ബ്ലോക്കബ്‌സ്റ്റര്‍ സമ്മാനിച്ചു. ധനുഷിന്റെ നായികയായെത്തിയ കര മാത്രമാണ് ഇതില്‍ പരാജയമായത്. അവസാനമായി ചെയ്ത അഞ്ചില്‍ നാല് സിനിമകളും 100 കോടിയിലേറെ കളക്ഷനാണ് നേടിയത്.

പ്രേമലു 130 കോടിയിലേറെ സ്വന്തമാക്കി ബ്ലോക്ക്ബസ്റ്ററായതാണ് ഇതില്‍ ആദ്യത്തേത്. കേരളത്തിന് പുറമെ ആന്ധ്രയിലും മമിതക്ക് വലിയ മൈലേജാണ് പ്രേമലു സമ്മാനിച്ചത്. പിന്നാലെ തമിഴില്‍ ഒന്നിന് പിന്നാലെ ഒന്നായി നാല് സിനിമകള്‍ താരത്തെ തേടിയെത്തി. വിജയ്‌യുടെ അവസാന ചിത്രം ജന നായകനായിരുന്നു ഇതില്‍ ആദ്യത്തേത്. സൂര്യക്കൊപ്പം വിശ്വനാഥ് ആന്‍ഡ് സണ്‍സ്, പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, ധനുഷിന്റെ കര എന്നിവയില്‍ താരം ഭാഗമായി.

ഡ്യൂഡായിരുന്നു ഇതില്‍ ആദ്യം തിയേറ്ററുകളിലെത്തിയത്. ദീപാവലി റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 120 കോടിയിലേറെയായിരുന്നു നേടിയത്. തമിഴ്‌നാട്ടില്‍ വലിയൊരു ഫാന്‍ബേസ് മമിത സ്വന്തമാക്കി. ഡ്യൂഡിന് ശേഷമെത്തിയ കര ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ എണ്ണിപ്പെറുക്കി 20 മിനിറ്റ് മാത്രമാണ് മമിതയ്ക്കുള്ളത്.

ഇന്റര്‍നെറ്റില്‍ ലീക്കായ, ആറ് മാസത്തോളം വൈകിയ ജന നായകന്‍ 300 കോടിയിലേറെ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. വിജയ്‌ക്കൊപ്പം ആടിയും പാടിയും ആദ്യാവസാനം നിറഞ്ഞുനില്‍ക്കാന്‍ മമിതക്ക് സാധിച്ചു. പറഞ്ഞ സമയത്ത് റിലീസ് ചെയ്തിരുന്നെങ്കില്‍ തമിഴില്‍ മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ന്നേനെ.

സൂര്യയുടെ വിശ്വനാഥ് ആന്‍ഡ് സണ്‍സിലും മമിത തന്നെയാണ് ഷോ സ്റ്റീലര്‍. ഒന്ന് പാളിയാല്‍ ക്രിഞ്ചായേക്കാവുന്ന മാഡിയെ മമിത കൈയടക്കത്തോടെ അവതരിപ്പിച്ചു. സൂര്യക്കൊപ്പം കട്ടക്ക് പിടിച്ചുനിന്ന മമിതയുടെ പ്രകടനം പലരും എടുത്തുപറയുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം വിശ്വനാഥ് ആന്‍ഡ് സണ്‍സ് നേടിക്കഴിഞ്ഞു. നാളെ തിയേറ്ററുകളിലെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്, പ്രദീപ് രംഗനാഥ് നിര്‍മിക്കുന്ന പി.ആര്‍ ഷോ എന്നീ പ്രൊജക്ടുകളും പ്രതീക്ഷയുള്ളവയാണ്.

Content Highlight: Mamitha Baiju’s last four out of five movies entered in 100 crore club

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more