| Wednesday, 5th August 2026, 10:14 pm

ജന നായകന്‍ ഇവന്റില്‍ ട്രോള്‍ വാങ്ങിയ മമിതയല്ല, സൂര്യ പടത്തിന് ഹൈപ്പുയര്‍ത്തുന്ന മമിത; താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

സര്‍വ്വോപരി പാലാക്കാരന്‍ എന്ന 2017ല്‍ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: Moneycontrol

ഇതിന് പിന്നാലെ വമ്പന്‍ ചത്രങ്ങളായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയത്. വിജയ്‌യുടെ അവസാന ചിത്രം ജനനായകനില്‍ താരത്തിന്റെ സഹോദരിയായി വേഷമിട്ട മമിത മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ താരത്തിന് വലിയ രീതിയില്‍ ട്രോളുകള്‍ വാങ്ങി നല്‍കിയ സംഭവമായിരുന്നു മലേഷ്യയില്‍ നടന്ന ജന നായകന്റെ ഓഡിയോ ലോഞ്ച്. വിജയ്ക്കുള്ള യാത്രയയപ്പ് പോലെ രൂപപ്പെടുത്തിയ പരിപാടിയില്‍ മമിത പാടിയ നാളെ നാളെ എന്ന പാട്ടായിരുന്നു ട്രോളന്മാര്‍ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഉയര്‍ന്ന ട്രോളുകള്‍ക്ക് പിന്നാലെ തനിക്ക് ഇനി വേദികളില്‍ പാടാന്‍ ഭയമാണെന്ന് താരം പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ തന്റെ പെര്‍ഫോമന്‍സ് കൊണ്ടായിരുന്നു മമിത വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വിജയ് ചിത്രത്തിന് ശേഷം മമിതയുടെതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു വമ്പന്‍ പ്രൊജക്ടാണ് സൂര്യ നായകനാകുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് മമിത വേഷമിടുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന ചത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിലെ മമിതയുടെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ചിത്രത്തിലെ പട്ടാംപൂച്ചി എന്ന ഗാനത്തിന് സ്റ്റേജില്‍ നൃത്തം ചെയ്ത മമിതയുടെ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പാട്ട് പാടിയതിന് തന്നെ പരിഹസിച്ച അതേ സോഷ്യല്‍ മീഡിയയെ തന്റെ നൃത്തം കൊണ്ട് മമിത കൈയടിപ്പിച്ചു എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തരിക്കുന്നത്. കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ മമിത തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്തെന്നും സൂപ്പര്‍ താരം സൂര്യയുടെ ചിത്രങ്ങള്‍ക്ക് പോലും ഹൈപ്പുയര്‍ത്തുന്നതില്‍ പ്രധാന ഘടകമായി താരം മാറിയെന്നും പലരും അറിയിക്കുന്നു.

വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. Photo: X.com

ദുല്‍ഖറിന്റെ ഹിറ്റ് തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്ത വെങ്കി അത്‌ലൂരിയാണ് വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് സംവിധാനം ചെയ്യുന്നത്. വിജയിയുടെ അഭാവത്തില്‍ തമിഴിലെ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള സൂര്യയുടെ ശ്രമത്തില്‍ നിര്‍ണായകമാണ് വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ കറുപ്പ് 340 കോടിയിലധികമായിരുന്നു തിയേറ്ററുകളില്‍ സ്വന്തമാക്കിയത്.

Content Highlight: Mamitha  Baiju’s dancing video goes viral

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more