| Friday, 24th October 2025, 2:00 pm

മിക്കവാറും ഇളയരാജ വീണ്ടും കേസ് കൊടുക്കും, വൈറലായി മമിതയുടെ ഡാന്‍സ് പ്രാക്ടീസ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഡ്യൂഡിനെതിരെ ഇളയരാജ കോടതിയെ സമീപിച്ചത്. അനുവാദമില്ലാതെ തന്റെ ഗാന ഉപയോഗിച്ചെന്നാണ് അദ്ദേഹത്തിന്റെ പരാതി. ചിത്രത്തില്‍ മമിത ഇളയരാജയുടെ പാട്ടിന് ചുവടുവെക്കുന്നതിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ വൈറലായി മാറി. എന്നാല്‍ ഇപ്പോഴിതാ സിനിമയിലെ രംഗത്തിന് പിന്നാലെ ഈ പാട്ടിന് മമിത ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും വൈറലായിരിക്കുകയാണ്.

സിനിമയില്‍ ചെയ്തതിനെക്കാള്‍ പെര്‍ഫക്ടായാണ് മമിത പ്രാക്ടീസ് വീഡിയോയില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ വീഡിയോയാണ് നിറഞ്ഞു നില്‍ക്കുന്നത്. വീഡിയോക്ക് താഴെ രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്.

‘സിനിമയിലെ ഡാന്‍സിനെക്കാള്‍ ഇതാണ് നല്ലത്’, ‘മമിതയെക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുന്നത് പിന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാണ്’, ‘ആരെങ്കിലും പിന്നില്‍ നില്‍ക്കുന്ന കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടോ’, ‘മിക്കവാറും ഇളയരാജ ഒന്നുകൂടി കേസ് കൊടുക്കും’, ‘കുറച്ചുകാലത്തേക്ക് ഇന്‍സ്റ്റഗ്രാമില്‍ ഈ പാട്ട് തന്നെയായിരിക്കും’, എന്നിങ്ങനെയാണ് കമന്റുകള്‍.

1991ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുത് നാന്ത് എന്ന ചിത്രത്തിലെ ‘കറുത്ത മച്ചാന്‍’ എന്ന ഗാനമാണ് ഡ്യൂഡില്‍ ഉപയോഗിച്ചത്. തിയേറ്ററില്‍ ഗംഭീര കൈയടി കിട്ടിയ രംഗമായിരുന്നു ഈ പാട്ടിന്റെ പ്ലെയ്‌സ്‌മെന്റ്. തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ ഇളയരാജ രംഗത്തെത്തുമെന്ന് റിലീസിന് പിന്നാലെ പലരും പ്രവചിച്ചിരുന്നു.

അടുത്തിടെ ഈ പാട്ട് വൈറലായിരുന്നു. തമിഴിലെ ഒരു റിയാലിറ്റി ഷോയില്‍ ഈ ഗാനത്തിന്റെ നടുവിലെ പോര്‍ഷന്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചതിന് പിന്നാലെയാണ് വീണ്ടും ചര്‍ച്ചയായത്. സംവിധായകന്‍ കീര്‍ത്തീശ്വരന്‍ ഡ്യൂഡിലേക്ക് തെരഞ്ഞെടുത്തതും ഈ ഭാഗം തന്നെയാണ്. ഇളയരാജയുടെ കേസിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഈ ഗാനം മാറ്റിയേക്കുുമെന്നും കേള്‍ക്കുന്നു.

100 കോടി ക്ലബ്ബില്‍ ഇടം നേടി തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് തമിഴ് ചിത്രം ഡ്യൂഡ്. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രം ദീപാവലി വിന്നറായി മാറി. പുതിയ സിനിമകളില്‍ വിന്റേജ് ഗാനങ്ങള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ കുറച്ചു കാലമായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ഈ വര്‍ഷം പുറത്തിറങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പാട്ടുകള്‍ നീക്കം ചെയ്തത് വലിയ വാര്‍ത്തയായി. ഡ്യൂഡില്‍ നിന്ന് പാട്ട് ഒഴിവാക്കേണ്ടി വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Mamitha Baiju’s dance practice video viral

We use cookies to give you the best possible experience. Learn more