സര്‍വ്വോപരി പാലക്കാരനിലൂടെ ബാലതാരമായി സിനിമയിലെത്തി സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര അഭിനേത്രിയായി മാറിയ താരമാണ് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരം സമീപകാലത്ത് തമിഴിലും സ്ഥാനം കണ്ടെത്തിയിരുന്നു. വിജയ്‌യുടെ ജനനായകന്‍, സൂര്യക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ധനുഷിനൊപ്പമുള്ള കര, പ്രദീപ് രംഗനാഥനൊപ്പമുള്ള ഡ്യൂഡ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നു.
മമിത ബൈജു. Photo: Money control
എന്നാല്‍ താരം വലിയ രീതിയില്‍ സൈബര്‍ അറ്റാക്കിന് വിധേയയായ സംഭവമായിരുന്നു മലേഷ്യയില്‍ വെച്ച് നടന്ന ജനനായകന്റെ ഓഡിയോ ലോഞ്ച്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന രീതിയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പരിപാടിയില്‍ താരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മമിത പാടിയ നാളെ നാളെ എന്ന പാട്ടാണ് ട്രോളുകള്‍ക്ക് തുടക്കമിട്ടത്. വേദിയില്‍ മമിത ഗാനം അവതരിപ്പിച്ച രീതി ശരിയായില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും. ജനനായകന്‍ പോലെ വലിയ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തിന്റെ ഇവന്റിനിടയിലായതിനാല്‍ വലിയ സൈബര്‍ അറ്റാക്കാണ് താരത്തിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ മമിതയുടെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പൊതുപരിപാടികളിലും അഭിമുഖങ്ങളിലും യാതൊരു സ്റ്റേജ് ഫിയറുമില്ലാതെ പാട്ട് പാടിയിരുന്ന മമിത, ഈ സംഭവത്തിന് ശേഷം വേദികളിലെത്തുമ്പോള്‍ മമിത പാടാറില്ല ഇത് താരത്തിന് വന്ന വലിയ മാറ്റമെന്നാണ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോക്കിടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മമിതയോട് പാടാന്‍ അവതാരക ആവശ്യപ്പെട്ടപ്പോള്‍ താരം ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ സൈബര്‍ അറ്റാക്കില്‍ നിന്നും താരം എത്രമാത്രം ട്രോമ അനുഭവിക്കുന്നു എന്ന് കൃത്യമായി വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ധനുഷ് ചിത്രം കരയുടെ ഇവന്റില്‍ നടന്ന സംഭവം.
ധനുഷിനോടൊപ്പം സദസ്സില്‍ ഇരിക്കുകയായിരുന്ന മമിതയുടെ അടുത്തെത്തി ഒരു പാട്ട് പാടുമോ എന്ന് താരത്തോട് അവതാരക ചോദിക്കുന്നുണ്ട്. എന്നാല്‍ പാടാനറിയാത്ത ആളെപ്പോലെ ആവശ്യത്തില്‍ നിന്നും എങ്ങനെയെങ്കിലും പിന്മാറാനാണ് മമിത ശ്രമിക്കുന്നതെന്നും കാണാം. പിന്നീട് ഇത് വെറുമൊരു പ്രാങ്ക് മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് അവതാരക പിന്മാറിയത്.
മമിത ബൈജു. Photo: id/ X.com
ഇത്തരത്തില്‍ താരം മുമ്പ് അഭിമുഖങ്ങളിലും പൊതുപരിപാടികളിലും ഏത് ഗാനം വേണമെന്ന് ചോദിച്ച് പാടിയിരുന്ന പല വീഡിയോസുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അറ്റാക്കുകളും വ്യക്തി അധിക്ഷേപങ്ങളും ഏത് വിധത്തിലാണ് ഒരാളെ ബാധിക്കുന്നതെന്നതിന്റെ ഒരു തെളിവായാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത്.
Content Highlight: Mamitha Baiju’s changes after facing cyber attack in Jananayagan event