| Tuesday, 11th August 2026, 10:10 am

'പാവാട’യുടെ ലൊക്കേഷനിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ; ഓർമ പങ്കുവെച്ച് മമിത ബൈജു

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബൈജു. 2017ൽ വേണുഗോപൻ സംവിധാനം ചെയ്ത ‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ‘സൂപ്പർ ശരണ്യ’, ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘പ്രണയ വിലാസം’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മമിത പ്രേക്ഷകശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. വിജയ്‌യുടെ ‘ജനനായകൻ’, ധനുഷിനൊപ്പമുള്ള ‘കര’ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായ മമിത, സൂര്യയ്ക്കൊപ്പവും ഇപ്പോൾ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമാ അനുഭവം പങ്കുവെക്കുകയാണ് താരം. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മന സ്റ്റാർസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമിതയുടെ പ്രതികരണം.

മമിത ബൈജു.Photo: Screengrab/ Youitube

ആദ്യ സിനിമാ ലൊക്കേഷൻ ഏതാണ് എന്നും അതിലെ ഓർമകൾ ഏതൊക്കെ ആണെന്നുമുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടി.

‘പാവാട’ എന്ന മലയാള സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ ആദ്യമായി പോകുന്നത്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ കുറച്ച് കുട്ടികളെ സിനിമയ്ക്ക് വേണ്ടി ആവശ്യമുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു ഷൂട്ടിങ് നടന്നത്. അങ്ങനെ ഞാൻ അവിടെ പോയി അഭിനയിച്ചു. ഒരു ജൂനിയർ ആർട്ടിസ്റ്റായി എന്ന് വേണമെങ്കിൽ പറയാം. അതായിരുന്നു എന്റെ ആദ്യത്തെ സിനിമാ ലൊക്കേഷൻ ഓർമ,’ മമിത ബൈജു പറഞ്ഞു.

‘അമ്മ ചിലപ്പോൾ എന്റെ കൂടെ നിൽക്കും, ചിലപ്പോൾ അമ്മ ജോലിക്ക് പോകും. ഞാൻ മാത്രമല്ല, കുറേ കുട്ടികൾ അവിടെ ഉണ്ടായിരുന്നു. അന്ന് ലൊക്കേഷനിൽ നടന്ന കാര്യങ്ങളെല്ലാം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അന്ന് സിനിമ എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു. സിനിമയോട് വലിയ താൽപര്യത്തേക്കാൾ അവിടെ നടക്കുന്നത് എന്താണ് എന്ന് അറിയാനുള്ള കൗതുകമായിരുന്നു ,” താരം കൂട്ടിച്ചേർത്തു.

ലൊക്കേഷനിലെ മോണിറ്ററും ചിത്രീകരണത്തിനിടെ നടക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധയോടെ നോക്കിനിൽക്കാറുണ്ടായിരുന്നെന്നും മമിത പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തേക്കാൾ, സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയാനുള്ള കൗതുകമായിരുന്നു അന്നുണ്ടായിരുന്നത് എന്നും താരം വ്യക്തമാക്കി.

“മോണിറ്റർ കാണണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നോക്കണം എന്നൊക്കെയായിരുന്നു അന്നത്തെ ആഗ്രഹം. സിനിമയെക്കുറിച്ച് അറിയാനുള്ള ഒരു കൗതുകമുള്ള കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അന്ന് സിനിമാ ലൊക്കേഷനിൽ പോയ അനുഭവം ഇപ്പോഴും നല്ല ഓർമയാണ്,” മമിത പറഞ്ഞു.

വിശ്വനാഥ് ആൻഡ് സൺസ്. Photo: IMDb

‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. സൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമിത ബൈജുവും രാധിക ശരത് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Mamitha Baiju opens up about her experience of acting as a junior artist in the film Pavada

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more