| Monday, 20th July 2026, 2:35 pm

ഒരു മാസത്തില്‍ മൂന്ന് റിലീസുകള്‍, 1000 കോടി ക്ലബ്ബില്‍ കയറുമോ? സൗത്ത് ഇന്ത്യന്‍ സിനിമ ഇനി മമിത ഭരിക്കും

അമര്‍നാഥ് എം.

പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരനിലൂടെ കരിയറാരംഭിച്ച മമിത ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മുന്‍നിരയിലേക്ക് വരികയായിരുന്നു. പ്രേമലുവിന് ശേഷം അന്യഭാഷയില്‍ കൈനിറയെ ഓഫറുകളാണ് മമിതയെ തേടിയെത്തിയത്.

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ ജന നായകനടക്കം വമ്പന്‍ പ്രൊജക്ടുകളില്‍ മമിത ഭാഗമായി. ഡ്യൂഡിലൂടെ തമിഴില്‍ വലിയൊരു ഫാന്‍ബേസ് നേടിയ മമിതയുടെ പുതിയ റിലീസുകളാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. ഒരു മാസത്തെ ഇടവേളയില്‍ മൂന്ന് വമ്പന്‍ സിനിമകളാണ് മമിതയുടേതായി റിലീസിന് തയാറെടുക്കുന്നത്.

വിജയ് നായകനാകുന്ന ജന നായകനാണ് ഇതില്‍ ആദ്യത്തേത്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം വൈകുകയായിരുന്നു. അടുത്തിടെ പ്രദര്‍ശനാനുമതി ലഭിച്ച ചിത്രം ജൂലൈ 23ന് തിയേറ്ററുകളിലെത്തും. ദളപതിയുടെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ മിനിമം 500 കോടിയെങ്കിലും നേടുമെന്നാണ് കരുതുന്നത്. സൂര്യക്കൊപ്പമുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സാണ് മമിതയുടെ അടുത്ത റിലീസ്.

ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. 40 വയസുകാരനോട് 20കാരിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥ. സൂര്യ- മമിത കെമിസ്ട്രി എങ്ങനെയുണ്ടാകുമെന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. കറുപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെയെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ഓളം അടങ്ങുന്നതിന് മുമ്പ് ഓണം റിലീസിലും മമിത തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിലും മമിതയാണ് നായിക. കംഫര്‍ട്ട് സോണില്‍ നിവിന്‍ എത്തുന്ന ചിത്രം ഓണത്തിന് കപ്പ് തൂക്കുമെന്നാണ് പ്രതീക്ഷകള്‍.

മൂന്ന് സിനിമകളും ചേര്‍ന്ന് ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടിയോളം നേടുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ ഗംഭീര ലൈനപ്പുള്ള മറ്റൊരു നടിയില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ അടുത്ത സെന്‍സേഷനായി മമിത മാറുമെന്നാണ് കരുതുന്നത്.

Content Highlight: Mamitha Baiju have three big release in one month gap

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more