| Monday, 17th August 2026, 2:51 pm

നമ്മൾ ഒരു ഗ്രൂപ്പിലിരുന്ന് പറയുന്ന കാര്യങ്ങൾ പുറത്തുപോകരുത്, അത് അവരെ വിശ്വസിച്ച് മാത്രം പറയുന്നതാണ്: മമിതാ ബൈജു

നന്ദന. ടി

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജനനായകൻ, വിശ്വനാഥൻ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി.

ഏതൊരു ബന്ധത്തിലും പരസ്പരം വിശ്വസിച്ച് പങ്കുവെക്കുന്ന രഹസ്യങ്ങൾ സൂക്ഷിച്ചുവെക്കുക എന്നത് പ്രധാനമാണെന്ന് പറയുകയാണ് മമിത ബൈജു.

മമിതാ ബൈജു. Photo. X.com

‘നമ്മുടെ രഹസ്യങ്ങൾ അതുപോലെ സൂക്ഷിക്കാൻ ഏത് ബന്ധത്തിനും സാധിക്കണം. അതായത് നമ്മൾ ഒരു ഗ്രൂപ്പിലിരുന്ന് പറയുന്ന ചില കാര്യങ്ങൾ ഉണ്ടാകുമല്ലോ, അത് അതിന് പുറത്തുപോകാൻ പാടില്ല. കാരണം അത് നമ്മൾ അവരെ വിശ്വസിച്ച് പറയുന്ന കാര്യങ്ങളാണ്.

അത് പാർട്ണർ ആയാലും സുഹൃത്തുക്കൾ ആയാലും അല്ലെങ്കിൽ പാരന്റ്സ് ആയാലും, ഞാൻ അതിനൊക്കെ വലിയ മൂല്യം നൽകുന്ന ആളാണ്. അതിനാൽ അവരുടെ അടുത്ത് നമ്മൾ ഒരു കാര്യം പറഞ്ഞിട്ട്, ഇത് വേറെ ആരോടും പറയരുത് എന്ന് എടുത്തു പറഞ്ഞില്ലെങ്കിൽ പോലും, അത് മറ്റുള്ളവരോട് പോയി പറയേണ്ട ആവശ്യമില്ല,’ മമിതാ പറഞ്ഞു.

താൻ വിശ്വസിച്ച് പ്രിയപ്പെട്ടവർ പറയുന്ന കാര്യങ്ങൾ അതേ പ്രാധാന്യത്തോടെ കാണുന്ന വ്യക്തിയാണെന്നും, അത് വലിയൊരു ഉത്തരവാദിത്തമായിട്ടാണ് കരുതുന്നതെന്നും മമിത കൂട്ടിച്ചേർത്തു.

‘ഞാനൊരു സീക്രട്ട് കീപ്പർ ആണ്. അതിപ്പോൾ എന്നോടായാലും ഒരാൾ അവരുടെ ജീവിതത്തിലെ കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ, അത് പുറത്തു പറയാതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിട്ടാണ് ഞാൻ കാണുന്നത്. അത്തരത്തിലുള്ള ഒരു വിശ്വാസം നമ്മളിൽ ഉണ്ടെങ്കിൽ, നമുക്ക് പ്രിയപ്പെട്ട ആളുകൾക്ക് നമ്മളോട് കാര്യങ്ങൾ മറയില്ലാതെ പറയാനുള്ള ഒരു സ്പേസ് അവിടെ ഉണ്ടാകും.

ഇന്നത്തെ കാലത്ത് നമ്മളെ കേൾക്കാനും ആളുകൾ കുറവാണല്ലോ. അപ്പോൾ നമ്മളാണ് നമ്മുടെ സുഹൃത്തുക്കൾ കംഫർട്ട് ആണെന്നും സേഫ് ആണെന്നുമൊക്കെ ഉറപ്പുവരുത്തേണ്ടത്,’ മമിതാ ബൈജു പറഞ്ഞു.

മമിതാ ബൈജു. Photo. X.com

Content Highlight: Mamitha Baiju emphasizes the importance of maintaining trust and keeping secrets within a group

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more