| Tuesday, 1st September 2026, 9:58 pm

50 ദിവസത്തില്‍ ഹാട്രിക്ക് 200 കോടി... ഇനിയങ്ങോട്ട് സൂപ്പര്‍സ്റ്റാര്‍ മമിത ബൈജു അഥവാ എസ്.എസ്.എം.ബി

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇനിയങ്ങോട്ട് തന്റെ യുഗമായിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മമിത ബൈജു. പ്രേമലുവിലൂടെ കരിയര്‍ മറ്റൊരു ട്രാക്കിലെത്തിയ മമിത ഇന്ന് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. സൂപ്പര്‍താര സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായ മമിത തന്റെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലും ഗംഭീര പെര്‍ഫോമന്‍സാണ് മമിത കാഴ്ചവെച്ചത്. ഓണം റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 200 കോടിയും കടന്ന് കുതിക്കുകയാണ്. ഈ വര്‍ഷം മമിതയുടെ മൂന്നാമത്തെ 200 കോടി ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

കരിയറില്‍ ആദ്യമായി ഹാട്രിക് 200 കോടി കളക്ഷന്‍ നേടിയത് വെറും 50 ദിവസം കൊണ്ടാണെന്നത് എടുത്തുപറയേണ്ട കാര്യമാണ് ജൂലൈ 23ന് പുറത്തിറങ്ങിയ ജന നായകനിലൂടെയാണ് മമിത കരിയറിലെ ആദ്യ 200 കോടി നേടിയത്. ദളപതി വിജയ്‌ക്കൊപ്പം ആടിയും പാടിയും ആദ്യാവസാനം നിറഞ്ഞുനിന്ന മമിത ആക്ഷന്‍ സീനുകളിലും ഞെട്ടിച്ചു. 300 കോടിക്ക് മുകളില്‍ ജന നായകന്‍ സ്വന്തമാക്കിയിരുന്നു.

സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സും വന്‍ വിജയമായി മാറി. അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രം വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. സൂര്യയുടെ നായികയായി മമിത എത്തിയപ്പോള്‍ മുഖം ചുളിച്ച പലരും ചിത്രം കണ്ട് താരത്തെ പ്രശംസിച്ചു. മാഡി എന്ന കഥാപാത്രമാണ് വിശ്വനാഥിനെ താങ്ങിനിര്‍ത്തിയ ഘടകങ്ങളിലൊന്ന്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് പോലെ ഏജ് ഗ്യാപ് റൊമാന്‍സ് പ്രമേയമായെത്തിയ ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. നിവിന്‍ പോളിക്കൊപ്പം അപാര കെമിസ്ട്രി കാഴ്ചവെച്ച ചിത്രവും വന്‍ വിജയമായി മാറി. സിനിമ കണ്ട് കഴിഞ്ഞാലും ആഷ്‌ലി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുമെന്ന് ഉറപ്പാണ്.

ഹാട്രിക് 200 കോടി നേടിയതോടെ സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്ക് മമിത ഉയര്‍ന്നിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ മമിത ബൈജു (SSMB) എന്നാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ലഭിച്ച പുതിയ ടൈറ്റില്‍. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ അതേ ടൈറ്റില്‍ മമിതക്കും ഇനിയും ലഭിക്കുമെന്നാണ് ആരാധകരുടെ വാദം. വരാനിരിക്കുന്ന ചിത്രങ്ങളിലും മമിത ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Mamitha Baiju achieves hat trick 200 crore club movies within 50 days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more