| Tuesday, 21st October 2025, 2:30 pm

പ്രേമലു വരെ നല്ല സിനിമകളുടെ ഭാഗമാകാണമെന്നായിരുന്നു, ഇപ്പോള്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ട്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ നമ്മളെ ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ടെന്നും അത് നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നടി മമിത ബൈജു. ഡ്യൂഡ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂവിനോട് സംസാരിക്കുകയായിരുന്നു മമിത.

തീര്‍ച്ചയായിട്ടും തനിക്കിപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ക്ക് നമ്മളോടുള്ള ഇഷ്ടം നിലനിര്‍ത്തേണ്ടതുണ്ടെന്നും നടി പറഞ്ഞു. എന്നാല്‍ ഒരിക്കലും എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് നമുക്ക് നില്‍ക്കാന്‍ പറ്റില്ലെന്നും മമിത കൂട്ടിച്ചേര്‍ത്തു.

‘എന്നാലും പ്രേക്ഷകര്‍ക്ക് നമ്മളെ സ്‌ക്രീനില്‍ കാണുമ്പോള്‍ സന്തോഷം തോന്നണമെന്നത് നമ്മള്‍ ഭയങ്കരമായിട്ട് ആഗ്രഹിക്കുന്ന കാര്യമാണ്. അത് എപ്പോഴും നിലനിര്‍ത്താനായിട്ട് ഞാന്‍ ശ്രമിക്കാറുണ്ട്. ഒരോ കഥാപാത്രങ്ങള്‍ കിട്ടുമ്പോഴും അത് ഓഡിയന്‍സിന്റെ പെര്‍സ്‌പെക്ടീവില്‍ നോക്കി എങ്ങനെ മനോഹരമായി ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കാറുണ്ട്.

പ്രേമലു വരെ നല്ല സിനിമകളുടെ ഭാഗമാകാണമെന്നതായിരുന്നു എന്റെ പ്രധാന കണ്‍സേണ്‍. പ്രേമലു കഴിഞ്ഞതിന് ശേഷം വിസിബിലിറ്റി ഒന്നു കൂടി വ്യാപിച്ചു. അതുകൊണ്ട് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍, എന്റെ കഥാപാത്രം എങ്ങനെയാണ് പ്രസന്റ് ചെയ്യേണ്ടതെന്നൊക്കെ കുറച്ചുകൂടി ഇരുന്ന് ചിന്തിക്കാറുണ്ട്. തിരക്കഥയൊക്കെ തിരിച്ചും മറിച്ചും കുറച്ച് ശ്രദ്ധാപൂര്‍വ്വമൊക്കെ വായിക്കും. പ്രത്യേകിച്ചും തമിഴ് സ്‌ക്രിപ്റ്റുകളൊക്കെ നന്നായി നോക്കാറുണ്ട്,’ മമിത പറയുന്നു.

അതേ സമയം മമിത ബൈജുവും പ്രദീപ് രംഗനാഥനും പ്രധാനവേഷത്തിലെത്തിയ ഡ്യൂഡ് തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. നവാഗതനായ കീര്‍ത്തീശ്വരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്.

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് സായ് അഭ്യങ്കറാണ്. ചിത്രത്തിലെ ഉറും ബ്ലഡ് എന്ന ഗാനം ഗ്ലോബല്‍ വൈറല്‍ പാട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്.

Content highlight: Mamita Baiju  says  after premalu  she  have more responsibilities

We use cookies to give you the best possible experience. Learn more