ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന മമിത ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയെങ്കിലും താരത്തിനൊരു ബ്രേക്ക്ത്രൂ നേടി കൊടുത്ത ചിത്രം സൂപ്പര്‍ ശരണ്യയായിരുന്നു.
ചിത്രത്തിലെ അനശ്വര അവതരപ്പിച്ച ശരണ്യ എന്ന കഥാപാത്രത്തെക്കാളും പ്രേക്ഷകര്‍ ഏറ്റെടുത്തത് മമിത അവതരിപ്പിച്ച സോനയെന്ന കഥാപാത്രമാണ്. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമയിലൂടെ താരത്തിന്റെ തലവര തന്നെ മാറി. ഇന്ന് തമിഴിലെ തിരക്കുള്ള താരങ്ങളിലൊരാളായി മമിത മാറിയിരിക്കുകയാണ്.
വിജയ്ക്കൊപ്പം ജന നായകനില്‍ ശക്തമായ വേഷം കൈകാര്യം ചെയ്ത മമിത പ്രദീപ് രംഗനാഥന്‍ നായകനായ ഡ്യൂഡിലൂടെ തമിഴ്നാട്ടിലും വലിയ തംരംഗം സൃഷ്ടിച്ചു. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യയുടെ നായികയായി വേഷമിടുന്നതും മമിത തന്നെയാണ്. സിനിമയുടെ പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ഇപ്പോഴിതാ ധനുഷ് നായകനാകുന്ന കര എന്ന സിനിമയിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പോര്‍ തൊഴില്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കര ധനുഷിന്റെ 54ാമത്തെ ചിത്രമായാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറയുന്നത്.
സിനിമയില്‍ സെല്ലി എന്ന കഥാപാത്രമായാണ് മമിത എത്തുന്നത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമിത കാരയില്‍ എത്തുന്നത് എന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. മോഡേണ്‍ ജെന്‍ സി ഗേളായും ക്യൂട്ട് ഗേളായുമെല്ലാം സ്‌ക്രീനില്‍ നിറഞ്ഞു നിന്ന താരത്തിന്റെ അടിപൊളി മേക്കോവറാകും കരയിലുണ്ടാകുകയെന്ന് ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.
തമിഴില്‍ വലിയ ഓളം സൃഷ്ടക്കുമ്പോഴും വെറും ക്യൂട്ട്‌നെസ് മാത്രം ചെയ്യുകയാണ് മമിതയെന്ന വിമര്‍ശനം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ താരം വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. കര എന്ന ചിത്രം അതിനുള്ള ഉത്തരം നല്‍കുമെന്ന് ആരാധകര്‍ പറയുന്നു.
സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും പുറത്ത് വന്നില്ലെങ്കിലും ഇന്ന് 5 മണിയോടെ ചിത്രത്തിന്റെ മറ്റ് അപഡേറ്റുകളും വരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശാണ്. ചിത്രം ഏപ്രില്‍ 30 ന് തിയേറ്ററുകളില്‍ എത്തും.
Content Highlight: Mamita Baiju’s character poster from Dhanush’s film Kaara is out