| Wednesday, 5th November 2025, 8:47 am

ട്രംപിനിത് വല്ലാത്തൊരു വിധി; ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ മംദാനിയ്ക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനിയ്ക്ക് വിജയം. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് മംദാനി.

86 ശതമാനം വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ മംദാനി തന്റെ ലീഡ് നിലനിര്‍ത്തുകയാണ്. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്.

1969ന് ശേഷം ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. 20 ലക്ഷത്തിന് മുകളില്‍  വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്.  മംദാനിയുടെ വിജയത്തിന് പിന്നാലെ സ്‌പീക്കർ മൈക്ക് ജോൺസൺ വിമർശനവുമായി രംഗത്തെത്തി.

‘ന്യൂയോര്‍ക്ക് നഗരത്തിലെ ഡെമോക്രാറ്റുകള്‍ ഒരു യഥാര്‍ത്ഥ തീവ്രവാദിയും മാര്‍ക്‌സിസ്റ്റുമായ ഒരു വ്യക്തിയെ തെരഞ്ഞെടുത്തു. ഇതിന്റെ അനന്തരഫലങ്ങള്‍ നമ്മുടെ രാജ്യം മുഴുവന്‍ അനുഭവപ്പെടും,’ മൈക്ക് ജോണ്‍സണ്‍ എക്സില്‍ കുറിച്ചു.

ആന്‍ഡ്രൂ ക്യൂമോയുടെ പരാജയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായ മംദാനിയെ  ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ഡൊണാള്‍ഡ് ട്രംപ് പേരെടുത്ത് വിശേഷിപ്പിക്കുന്നത്.

മുമ്പ് മംദാനിയെ അറസ്റ്റ് ചെയ്ത് പൗരത്വം റദ്ദാക്കി തടങ്കലില്‍ പാര്‍പ്പിക്കുമെന്നും നാടുകടത്തുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. മാത്രമല്ല, മംദാനിയെ തെരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ടുകള്‍ വെട്ടികുറയ്ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

മംദാനിയുടെ ജനനം വിദേശത്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പൗരത്വം റദ്ദാക്കുമെന്ന ഭീഷണി. എന്നാല്‍ ഈ ഭീഷണികളൊന്നും വിലപോവില്ലെന്ന് മംദാനി വ്യക്തമാക്കിയിരുന്നു.

വിഖ്യാത സംവിധായിക മീര നായരുടെയും അക്കാദമിക് പ്രവര്‍ത്തകന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയിലാണ് മംദാനി ജനിച്ചത്. 2018ല്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറിയ ശേഷം യു.എസ് പൗരത്വം സ്വീകരിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പിന്റെ പ്രൈമറി മത്സരത്തില്‍ മംദാനി 56 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. 44 ശതമാനം വോട്ടുകള്‍ നേടിയ ആന്‍ഡ്രൂ എം. ക്യൂമോ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. നിലവിലെ മേയര്‍ എറിക് ആഡംസും ആന്‍ഡ്രൂ ക്യൂമോയെ പിന്തുണച്ചിരുന്നു.

Content Highlight: Mamdani wins New York mayoral election

We use cookies to give you the best possible experience. Learn more